എതിരാളികളിൽ പോലും ആദരവുണ്ടാക്കിയ വ്യക്തിപരമായ ഔന്നത്യം അദ്ദേഹത്തെ ജനകീയനായ നേതാവാക്കി; കോടിയേരിയെ അനുസ്മരിച്ച് പിണറായി

എതിരാളികളിൽ പോലും ആദരവുണ്ടാക്കിയ വ്യക്തിപരമായ ഔന്നത്യം അദ്ദേഹത്തെ ജനകീയനായ നേതാവാക്കി; കോടിയേരിയെ അനുസ്മരിച്ച് പിണറായി
Published on

എതിരാളികളിൽ പോലും ആദരവുണ്ടാക്കിയ വ്യക്തിപരമായ ഔന്നത്യം കോടിയേരിയെ ജനകീയനായ നേതാവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളി - കർഷക പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ വർഗബഹുജന സംഘടനകൾ നേടിയ വളർച്ചയിലും നേതൃപരമായ പങ്കു വഹിച്ചെന്നും കോടിയേരിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ മുഖ്യമന്ത്രി അനുസ്മരണ കുറിപ്പിൽ കുറിച്ചു.

അനുസ്മരണ കുറിപ്പിന്റെ പൂർണ്ണ രൂപം

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിലേയ്ക്ക് കടന്നുവന്ന യുവാവായ സഖാവ് കോടിയേരി പിന്നീട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള നേതാവായി വളർന്നു. അസാമാന്യമായ നേതൃപാടവവും സംഘാടനശേഷിയും നയതന്ത്രജ്ഞതയും അദ്ദേഹത്തിന് പാർട്ടി പ്രവർത്തകരുടെ ഹൃദയങ്ങളിൽ ഉന്നതമായ ഇടം നേടിക്കൊടുത്തു. പ്രതിസന്ധികളിൽ പാർടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി സഖാവ് കോടിയേരി നിലകൊണ്ടു.

തൊഴിലാളി - കർഷക പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ വർഗബഹുജന സംഘടനകൾ നേടിയ വളർച്ചയിലും നേതൃപരമായ പങ്കു വഹിച്ചു. എതിരാളികളിൽ പോലും ആദരവുണ്ടാക്കിയ വ്യക്തിപരമായ ഔന്നത്യം അദ്ദേഹത്തെ ജനകീയനായ നേതാവാക്കി. പാർടിയ്ക്കു വേണ്ടി സ്വയം സമർപ്പിച്ച സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. രോഗപീഢയുടെ ഘട്ടത്തിലും പാർടിയോടുള്ള സ്നേഹവും കൂറുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പരിഗണനകൾ.

കേരളത്തിലേയും, രാജ്യത്തെ തന്നെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനാധിപത്യവിശ്വാസികൾക്കാകെയും എക്കാലവും പ്രചോദനമായ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. സഖാവിന്റെ രാഷ്ട്രീയജീവിതത്തിൽ നിന്നും ഊർജ്ജവും പ്രചോദനവും ഉൾക്കൊണ്ടു മുന്നോട്ടു പോകാൻ, അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും ആ വിധം പ്രകടിപ്പിക്കാൻ പാർടിയ്ക്കും സഖാക്കൾക്കും സാധിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in