വയനാട് സന്ദർശിച്ച മോഹൻലാലിനെതിരെ അധിക്ഷേപം, യൂട്യൂബർ ചെകുത്താൻ പൊലീസ് പിടിയിൽ

വയനാട് സന്ദർശിച്ച മോഹൻലാലിനെതിരെ അധിക്ഷേപം, യൂട്യൂബർ ചെകുത്താൻ പൊലീസ് പിടിയിൽ
Published on

നടൻ മോഹൻലാലിനെ അധിക്ഷേപിച്ച വിവാദ യൂട്യൂബർ ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ് പോലീസ് കസ്റ്റഡിയിൽ. താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖിന്റെ പരാതിയിലാണ് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസെടുത്തതിന് പിന്നാലെ ചെകുത്താൻ അജു അലക്സ് ഒളിവിലായിരുന്നുവെന്ന് പൊലീസ്. ചെകുത്താന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബിലൂടെയും നേരത്തെയും വിദ്വേഷ പ്രചരണം നടത്തിയതിന് അജു അലക്സ് വിവാദത്തിലായിരുന്നു. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ കൂടിയായ മോഹൻലാൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ദുരന്ത ബാധിതർക്ക് 3 കോടിയുടെ സഹായവും വാ​ഗ്ദാനം ചെയ്തിരുന്നു. സൈനിക യൂണിഫോമിൽ മോഹൻലാൽ സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിക്കുന്ന തരത്തിൽ പരമാർശം നടത്തിയത്.

ചെകുത്താനെതിരെ പരാതി നൽകിയതിനെക്കുറിച്ച് സിദ്ദീഖ്

കുറച്ചുകാലങ്ങളിലായി സിനിമയിലെ നടീനടൻമാരെ പല യൂട്യൂബർമാർ അധിക്ഷേപിക്കുന്നുണ്ട്. വ്യക്തിപരമായി ഇത്തരത്തില‍് അധിക്ഷേപിക്കുന്ന പ്രവണത കുറേയായിട്ടുണ്ട്. രാജ്യത്ത് നിയമമുണ്ടല്ലോ, അത് കൊണ്ടാണ് നിയമപരമായി നീങ്ങിയത്. ആർക്കും ആരെയും എന്തും പറയാമെന്ന രീതിയിലേക്ക് ആ മേഖല നീങ്ങിക്കൊണ്ടിരിക്കുയാണ്. സ്വാതന്ത്ര്യം നമ്മുക്ക് ഒരാളെ അധിക്ഷേപിക്കാനും കയ്യേറ്റം ചെയ്യാനുമല്ല. ഫ്രീഡത്തിനും ഒരു നിയന്ത്രണമുണ്ടല്ലോ.

മോഹൻലാലിനെ വളരെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെകുത്താൻ ചെയ്തത്. ടെറിറ്റോറിയൽ ആർമിയുടെ ഭാ​ഗമായതിനാലാണ് അദ്ദേഹം അവിടെ പോയത്. അതൊരു പുണ്യപ്രവർത്തിയാണ്. അല്ലാതെ പബ്ലിസിറ്റി കിട്ടാൻ വേണ്ടി ചെയ്തതല്ല. വ്യക്തിയെന്ന നിലയിലും സഹപ്രവർത്തകനെന്ന നിലയിലും മോഹൻലാലിനെതിരെ ഇത്തരം അധിക്ഷേപം വന്നപ്പോൾ വേദനയുണ്ടായി. എഴുതിനൽകിയ പരാതിയിലാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്ന് നടപടിയുണ്ടായത്. സൈബർ ക്രൈം വിഭാ​ഗത്തിന്റെ ഡിജിപി ഹരിശങ്കറിന്റെ ഭാ​ഗത്ത് നിന്ന് ഈ കുറ്റവാളിക്കെതിരെ സമയോചിത നടപടിയുണ്ടായി.

Related Stories

No stories found.
logo
The Cue
www.thecue.in