പാലായിലെ നവകേരള സദസ്സില്‍ വെച്ച് മുഖ്യമന്ത്രി ശകാരിച്ചതും പരാജയ കാരണമായി; വിമര്‍ശിച്ച് തോമസ് ചാഴികാടന്‍

Thomas Chazhikadan
Thomas Chazhikadan
Published on

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവും മുന്‍ എംപിയും കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന തോമസ് ചാഴികാടന്‍. കോട്ടയത്ത് പാര്‍ട്ടി ആസ്ഥാനത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ചാഴികാടന്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. പാലായില്‍ വെച്ച് നടന്ന നവകേരള സദസ്സില്‍ വെച്ച് തന്നെ മുഖ്യമന്ത്രി പരസ്യമായി ശകാരിച്ചത് അടക്കം തിരിച്ചടിയായെന്ന് ചാഴികാടന്‍ യോഗത്തില്‍ പറഞ്ഞു. അതേസമയം പരാജയത്തില്‍ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്ന നിലപാടാണ് ചെയര്‍മാന്‍ ജോസ് കെ. മാണി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്.

കോട്ടയം മണ്ഡലത്തിലെ സിപിഎം വോട്ടുകള്‍ തനിക്ക് ലഭിച്ചില്ലെന്നും അതിന്റെ കാരണങ്ങള്‍ അന്വേഷിക്കണമെന്നും ചാഴികാടന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വി.എന്‍.വാസവന്‍ മത്സരിച്ചപ്പോള്‍ ലഭിച്ച വോട്ട് പോലും തനിക്ക് കിട്ടിയില്ലെന്നും ചാഴികാടന്‍ പറഞ്ഞു. എല്‍ഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും തോല്‍വിയില്‍ കൂട്ടായ ഉത്തരവാദിത്തമുണ്ടെന്നുമുള്ള നിലപാടാണ് ജോസ് കെ. മാണി യോഗത്തില്‍ സ്വീകരിച്ചത്. എന്നാല്‍ മുന്നണിയില്‍ അടക്കം വലിയ ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചേക്കും. പാലായില്‍ നടന്ന നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് മുന്‍പ് പ്രസംഗിച്ച ചാഴികാടന്‍ ചില ആവശ്യങ്ങള്‍ മുഖ്യമന്ത്രിയോട് ഉന്നയിച്ചിരുന്നു.

പിന്നാലെ ുപ്രസംഗിച്ച മുഖ്യമന്ത്രി പരിപാടിയെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ലെന്നും പരാതി സ്വീകരിക്കല്‍ മാത്രമല്ല പ്രധാന കാര്യമെന്നും പരസ്യമായി പറഞ്ഞു. മുഖ്യമന്ത്രിയുടെ ശകാരം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറുകയും ചെയ്തിരുന്നു. ഇടതു മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് കേരള കോണ്‍ഗ്രസ് എം.

Related Stories

No stories found.
logo
The Cue
www.thecue.in