തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസിന് കൈമാറും.
ജയസൂര്യക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസ് ആണിത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ആദ്യത്തെ കേസ് എടുത്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഭാരതീയ ന്യായ സംഹിത 354, 354എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്. ജയസൂര്യ അടക്കം ഏഴുപേര്‍ക്കെതിരെയായിരുന്നു നടി പരാതി നല്‍കിയത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ആലുവയിലെ വീട്ടിലെത്തി നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
എല്ലാ പരാതികൾക്കും പ്രത്യേക അന്വേഷണ സംഘം
ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച് വിവിധ പൊലിസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ പരാതികളും അന്വേഷിക്കുന്നത് പ്രത്യേക അന്വേഷണസംഘമാണ്. സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം പൊലിസ് ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു. യോഗത്തിൽ പരാതികളിൽ തുടരന്വേഷണത്തിന് രൂപം നൽകുകയും എല്ലാ കേസുകളും മുതിർന്ന വനിതാ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാനും തീരുമാനിച്ചിരുന്നു. ഇതിനായി അന്വേഷണ സംഘത്തിൽ കൂടുതൽ വനിതാ ഓഫീസർമാരെയും ഉൾപ്പെടുത്തി.
പരാതിയിൽ വ്യക്തത വരുത്തിയ ശേഷം മാത്രം അറസ്റ്റ്
അതിജീവതർ നൽകിയ പരാതികളിൽ പ്രാഥമിക മൊഴി എടുപ്പ് പോലീസ് ആരംഭിച്ചിരുന്നു. മൊഴി നൽകിയവരുടെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയതിനു ശേഷം മാത്രം അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരകൾ നൽകിയ മൊഴിയിലെ വസ്തുതകൾ പരിശോധിച്ചും ശാസ്ത്രീയ, സാഹചര്യ തെളിവുകൾ ശേഖരിച്ചതിനു ശേഷവുമായിരിക്കും. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും തുറന്ന് പറയുന്ന എല്ലാ അതിജീവതരുടെയും മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. തെളിവുകൾ കൈമാറിയാൽ പരാതി ഇല്ലെങ്കിലും കേസെടുക്കും.
സ്റ്റേഷനിൽ എത്താതെ തന്നെ രഹസ്യ മൊഴി നൽകാനും സംവിധാനം ഒരുക്കും. സിനിമാരംഗത്ത് നിന്ന് ദുരനുഭവം നേരിട്ട സ്ത്രീകൾക്ക് സ്വകാര്യത കാത്തുസൂക്ഷിച്ചുകൊണ്ട് പരാതികൾ ഉന്നയിക്കാൻ 04712330747 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസുകൾ രജിസ്റ്റർ ചെയ്യും. രണ്ട് മേഖലകളായി തിരിച്ചാണ് അന്വേഷിക്കുക. തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള ദക്ഷിണ മേഖലയിലെ അന്വേഷണത്തിന് ഡി.ഐ.ജി അജിതാബീഗവും എസ്.പി മെറിൻ ജോസഫും, തൃശൂർ മുതലുള്ള ഉത്തര മേഖലയിലെ അന്വേഷണത്തിന് എസ്.പിമാരായി ജി.പൂങ്കഴലിയും ഐശ്വര്യ ഡോംഗ്രെയും നേതൃത്വം നൽകും.