കൊച്ചി കളമശ്ശേരി കൺവെൻഷൻസെന്ററിലുണ്ടായ വൻ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിലാണ് സ്‌ഫോടനം നടന്നത്. എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഡിജിപി ഉള്‍പ്പടെയുള്ളവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുമെന്നും ഗൗരവമായി വിഷയം കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 23 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. എന്താണ് പൊട്ടിത്തെറിച്ചത് എന്നതിനെക്കുറിച്ച് ഔദ്ധ്യോഗികമായ ഒരു സ്ഥിതീകരണവും ഇതുവരെ ലഭ്യമായിട്ടില്ല. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിയിൽ എത്തിയിട്ടുണ്ട്. 2500 പേർ ഹാളിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ സംഭവിച്ചത് എന്നും മറ്റ് വിവരങ്ങൾ അന്വേഷിച്ചിട്ട് അറിയിക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഒരു സ്ത്രീയാണ് മരണപ്പെട്ടത്. ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി പൊലീസ് മേധാവി അറിയിച്ചു.
രാവിലെ പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിലാണ് സ്ഫോടനം നടന്നത്. ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടർ സ്ഫോടനങ്ങളുമുണ്ടായെന്നും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടയാൾ പറഞ്ഞു. മരിച്ചയാളെയും പരുക്കേറ്റവരെയും കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന ഹാൾ പോലീസ് സീൽ ചെയ്തു. സംഭവ സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയിരിക്കുകയാണ്. നിലവിൽ തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്. വെള്ളിയാഴ്ച ആരംഭിച്ച കൺവെൻഷൻ ഞായറാഴ്ച വൈകിട്ട് സമാപിക്കാനിരിക്കെയാണു സ്ഫോടനം.