റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ച പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ലാഭനഷ്ടക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നഷ്ടം ബിജെപിക്ക്. സംസ്ഥാനത്തു തന്നെ ബിജെപിയുടെ ഏറ്റവും ശക്തമായ മണ്ഡലമെന്ന് കണക്കാക്കാവുന്ന മണ്ഡലത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലുമായി വലിയ തോതിലുള്ള നഷ്ടമാണ് വോട്ടുകളില്‍ ഉണ്ടായത്. ബിജെപി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പോലും വോട്ടുകള്‍ കുറഞ്ഞു. മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും എല്‍ഡിഎഫിന് വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന് ലഭിച്ചതിനെ അപേക്ഷിച്ച് ആറിരട്ടി വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിച്ചത്.
ബിജെപിയുടെ നഷ്ടം
2021ല്‍ എല്‍ഡിഎഫിന് തുടര്‍ഭരണം നല്‍കിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിനെയാണ് പാലക്കാട് നിയമസഭാ മണ്ഡലം പിന്തുണച്ചത്. ആ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അഡ്വ.സി.പി.പ്രമോദ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാനത്ത് ആദ്യമായി ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചുകൊണ്ട് നേരിട്ട തെരഞ്ഞെടുപ്പായിരുന്നു അത്. മെട്രോമാന്‍ ഇ.ശ്രീധരനായിരുന്നു പാലക്കാട് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടപ്പെട്ടയാളും. ശക്തമായ ഇടതു തരംഗം ആഞ്ഞടിച്ച ആ തെരഞ്ഞെടുപ്പില്‍ പക്ഷേ, പാലക്കാട് ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിജയിച്ച ഷാഫി പറമ്പിലിന് 3859 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് കിട്ടിയത്. ബിജെപി ശക്തികേന്ദ്രമായി പാലക്കാടിനെ ഉറപ്പിച്ച ആ തെരഞ്ഞെടുപ്പില്‍ ഇ.ശ്രീധരന്‍ രണ്ടാം സ്ഥാനത്തെത്തി. 50,220 വോട്ടുകള്‍ ശ്രീധരന് ആകെ ലഭിച്ചു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പെത്തുമ്പോള്‍ രംഗം മാറിയിരുന്നു. പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷനും ജനകീയനുമായ സി.കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസിലെ വി.കെ.ശ്രീകണ്ഠന്‍ വിജയിച്ച ഈ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ കണക്കെടുത്താല്‍ ബിജെപിക്ക് തന്നെയാണ് രണ്ടാം സ്ഥാനം. വി.കെ.ശ്രീകണ്ഠന്‍ 52,779 വോട്ടുകള്‍ നേടിയപ്പോള്‍ 43,072 വോട്ടുകള്‍ ഇവിടെ നിന്ന് സി.കൃഷ്ണകുമാറിന് ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഎമ്മിലെ എ.വിജയരാഘവന് 34,640 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഭരണ വിരുദ്ധ വികാരമടക്കം പ്രതിഫലിച്ച തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടുകള്‍ കുറഞ്ഞു. പക്ഷേ, വോട്ടു വിഹിതത്തില്‍ ഏറ്റവും കുറവുണ്ടായത് ബിജെപിക്കാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളേക്കാള്‍ 7148 വോട്ടുകളാണ് അന്ന് കൃഷ്ണകുമാറിന് നഷ്ടമായത്. ആറ് മാസങ്ങള്‍ കഴിഞ്ഞ് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന് ലഭിച്ചത് 39,549 വോട്ടുകള്‍. 3523 വോട്ടുകള്‍ ബിജെപിക്ക് വീണ്ടും നഷ്ടമായിരിക്കുന്നു.
യുഡിഎഫിന് വോട്ടുകളില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ബിജെപി കോട്ടകളില്‍ പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് വിഹിതം ഉയര്‍ത്താനായി. അതേസമയം എല്‍ഡിഎഫ് വോട്ടുകള്‍ നേരിയ തോതിലെങ്കിലും വര്‍ദ്ധിക്കുകയും ചെയ്തു. 2653 വോട്ടുകള്‍ എല്‍ഡിഎഫിന് മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അധികമായി ലഭിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ഇടതുപക്ഷത്തേക്ക് എത്തി പാലക്കാട് സ്ഥാനാര്‍ത്ഥിയായ ഡോ.പി.സരിന്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും എല്‍ഡിഎഫ് വോട്ടുകളില്‍ വര്‍ദ്ധനവുണ്ടായത് അനുകൂലമായാണ് ഇടതുപക്ഷം കാണുന്നത്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നാണ് ബിജെപി അവകാശപ്പെടുന്നതെങ്കിലും വോട്ടുകള്‍ നഷ്ടമായതിനെക്കുറിച്ച് പഠിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് സന്ദീപ് വാര്യരും സി.കൃഷ്ണകുമാറും തമ്മിലുണ്ടായ ആശയക്കുഴപ്പങ്ങളും വാക്‌പോരും പിന്നീട് സന്ദീപിന്റെ ഇറങ്ങിപ്പോക്കും ബിജെപിക്കുള്ളില്‍ തന്നെ അതൃപ്തി സൃഷ്ടിച്ചിരുന്നു.