കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി. കുറ്റവിമക്തനാക്കിയെന്ന് വിധി കേട്ട് പുറത്തിറങ്ങിയ ഫ്രാങ്കോ പ്രതികരിച്ചു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് വിധി.
ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍, അന്യായമായി തടവില്‍ വെയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ ഏഴു വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയിരുന്നത്.
2014 മുതല്‍ 2016 വരെ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പീഡന പരാതി സഭ ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചു. 2018 ജൂണ്‍ 27ന് കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കുറവിലങ്ങാട് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ജലന്ധര്‍ ബിഷപ്പായിരുന്നു ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവുന്നില്ലെന്ന് ആരോപണമുയര്‍ന്നു. കുറ്റപത്രം സമര്‍പ്പിക്കാനും വൈകി. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങി. സേവ് ഔര്‍ സിസ്റ്റേഴ്‌സ് കൂട്ടായ്മ നീതിക്കായുള്ള പോരാട്ടത്തിന്റെ മുന്നില്‍ നിന്നു. ഹൈക്കോടതിക്ക് സമീപം വഞ്ചിസ്‌ക്വയറില്‍ 14 ദിവസം സമരം ചെയ്തു. 2018 സെപ്റ്റംബര്‍ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു.
25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, 7 മജിസ്‌ട്രേറ്റുമാര്‍, വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരെ വിസ്തരിച്ചു. പ്രതിഭാഗത്ത് നിന്ന് ആറ് സാക്ഷികളെ വിസ്തരിച്ചിരുന്നു. 122 പ്രമാണങ്ങളാണ് കോടതി പരിശോധിച്ചത്. അടച്ചിട്ട മുറിയിലായിരുന്നു വിചാരണ.