'രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കൂടോത്രവും സുധാകരന്റെ പേടിയും'; ഉണ്ണിത്താനെതിരെ യുദ്ധം തുടങ്ങുകയാണെന്ന് ബാലകൃഷ്ണന്‍ പെരിയ

'രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കൂടോത്രവും സുധാകരന്റെ പേടിയും'; ഉണ്ണിത്താനെതിരെ യുദ്ധം തുടങ്ങുകയാണെന്ന് ബാലകൃഷ്ണന്‍ പെരിയ
Published on

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലാണെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ബാലകൃഷ്ണന്‍ പെരിയ. ഉണ്ണിത്താന്‍ എല്ലാ സ്ഥലത്തും ദുര്‍മന്ത്രവാദം പ്രയോഗിക്കുകയാണ്. കെ.സുധാകരന്റെ വീട്ടിലും ഉണ്ണിത്താന്‍ മന്ത്രവാദിയെ കൊണ്ടുപോയിട്ടുണ്ടെന്നും സുധാകരന്‍ കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കിയത് ഉണ്ണിത്താനെ ഭയന്നിട്ടാണെന്നും ബാലകൃഷ്ണന്‍ പെരിയ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പെരിയ ഇരട്ടക്കൊലക്കേസിലെ 13-ാം പ്രതിയായ സിപിഎം നേതാവിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് കെപിസിസി സെക്രട്ടറിയായിരുന്ന ബാലകൃഷ്ണന്‍ പെരിയയെയും മറ്റ് മൂന്നു പേരെയും കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനു തൊട്ടുപിന്നാലെയാണ് ബാലകൃഷ്ണന്‍ പെരിയ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ രംഗത്തെത്തിയത്.

ഉണ്ണിത്താന്‍ നീചനായ മനുഷ്യനാണെന്നും രക്തസാക്ഷികളുടെ കുടുംബത്തിനായി ഒരുരൂപ പോലും നല്‍കിയിട്ടില്ലെന്നും ബാലകൃഷ്ണന്‍ ആരോപിച്ചു. ഉണ്ണിത്താന്‍ മതപരമായ സംഘര്‍ഷത്തില്‍ നിന്ന് മുതലെടുക്കാനാണ് ശ്രമിച്ചത്. അതിനായി നെറ്റിയിലെ കുറി മായ്ച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസലും തനിക്കെതിരെ പ്രവര്‍ത്തിച്ചതായും ബാലകൃഷ്ണന്‍ പറയുന്നു. ഉണ്ണിത്താനെതിരായ യുദ്ധം ഇന്നുതന്നെ ആരംഭിക്കുകയാണെന്നാണ് ബാലകൃഷ്ണന്‍ പെരിയയുടെ വെല്ലുവിളി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് ഉദുമ മണ്ഡലം ചെയര്‍മാന്‍ രാജന്‍ പെരിയ, മണ്ഡലം മുന്‍ പ്രസിഡന്റ് ടി.രാമകൃഷ്ണന്‍, പ്രമോദ് പെരിയ എന്നിവരെയാണ് കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത്‌ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ 13-ാം പ്രതിയായ സിപിഎം നേതാവിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയും നേതാവിനൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എന്‍.സുബ്രഹ്‌മണ്യന്‍, കെപിസിസി സെക്രട്ടറി പി.എം.നിയാസ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍. വിവാഹത്തില്‍ പങ്കെടുത്ത നേതാക്കള്‍ രക്തസാക്ഷികളുടെ കുടുംബങ്ങളെ പരസ്യമായി അപമാനിച്ചുവെന്ന വിലയിരുത്തലാണ് അന്വേഷണ സമിതി നടത്തിയത്. നേതാക്കള്‍ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവാഹത്തില്‍ പങ്കെടുത്തത് എത്ര ഉന്നത നേതാക്കളായാലും അവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫെയിസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in