71 ദിവസങ്ങള്‍ക്ക് ശേഷം അര്‍ജുന്റെ ലോറി കണ്ടെത്തി; നടന്നത് മൂന്ന് ഘട്ടങ്ങളിലായി സമാനതകളില്ലാത്ത ദൗത്യം

71 ദിവസങ്ങള്‍ക്ക് ശേഷം അര്‍ജുന്റെ ലോറി കണ്ടെത്തി; നടന്നത് മൂന്ന് ഘട്ടങ്ങളിലായി സമാനതകളില്ലാത്ത ദൗത്യം
Published on

ജൂലൈ 16ന് പുലര്‍ച്ചെയാണ് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ പെട്ട് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ ലോറിയോടൊപ്പം കാണാതായത്. കനത്ത മഴയിലും പ്രതികൂല കാലാവസ്ഥയിലും തെരച്ചില്‍ ആരംഭിച്ചത് സുവര്‍ണ്ണ മണിക്കൂറുകള്‍ പിന്നിട്ടതിന് ശേഷമായിരുന്നു. കര്‍ണാടക സര്‍ക്കാര്‍ ഈ പ്രദേശത്ത് ദിവസങ്ങളോളം രക്ഷാപ്രവര്‍ത്തനം നടത്തിയില്ല. ലോറി ഡ്രൈവര്‍മാര്‍ സ്ഥിരമായി വിശ്രമിക്കാന്‍ വാഹനങ്ങള്‍ നിര്‍ത്താറുള്ള ഇവിടെ ഒരു ധാബയുള്‍പ്പെടെ ഒഴുകിപ്പോയി. നിരവധി വാഹനങ്ങളും മണ്ണിടിച്ചിലില്‍ പെട്ടു. അര്‍ജുന്റെ കുടുംബം പരാതിയുമായി രംഗത്തെത്തിയതിന് ശേഷമായിരുന്നു തെരച്ചില്‍ ആരംഭിച്ചത്. രണ്ടു മാസത്തിലേറെ നീണ്ട ഉദ്യമത്തിനാടുവില്‍ ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ച് നടത്തിയ തെരച്ചിലിലാണ് ലോറി കണ്ടെത്തിയത്. വാഹനത്തിന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ നാവികസേന സ്ഥിരീകരിച്ച സിപി2 എന്ന പ്രദേശത്താണ് ലോറി കണ്ടെത്തിയത്. പുഴയില്‍ 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി. ക്യാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം അര്‍ജുന്റേതാണെന്ന് വ്യക്തമാണെങ്കിലും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണം. പോസ്റ്റ്‌മോര്‍ട്ടത്തിനും സാമ്പിള്‍ ശേഖരിച്ചതിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നാണ് വിവരം. ഷിരൂരില്‍ മൂന്നു ഘട്ടങ്ങളിലായാണ് തെരച്ചില്‍ ദൗത്യം നടന്നത്.

ഒന്നാം ഘട്ടം

ആദ്യഘട്ടത്തില്‍ കേരളത്തില്‍ നിന്ന് രഞ്ജിത്ത് ഇസ്രയേല്‍ അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ പങ്കെടുത്ത രക്ഷാപ്രവര്‍ത്തനമാണ് അപകടമുണ്ടായ ഷിരൂരില്‍ നടന്നത്. ദേശീയ ദുരന്ത നിവാരണ സേനയും ഫയര്‍ ഫോഴ്‌സും അടക്കമുള്ളവര്‍ക്കൊപ്പം ലോറിയുടമ മനാഫും രഞ്ജിത്ത് ഇസ്രായേലും ചേര്‍ന്നു. പലപ്പോഴും ഇവരും പോലീസും ജില്ലാ ഭാരണകൂടവുമായി തര്‍ക്കങ്ങളുണ്ടാകുകയും ചെയ്തു. റോഡില്‍ കുന്നുകൂടി കിടന്ന മണ്ണിനുള്ളിലാകാം ലോറിയെന്ന നിഗമനത്തിലായിരുന്നു ആദ്യത്തെ തെരച്ചില്‍. റഡാര്‍ ഉപയോഗിച്ചും മണ്ണ് മാറ്റിയും നടന്ന പരിശോധനയില്‍ ലോറി കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഗംഗാവലി പുഴയിലേക്ക് പരിശോധന നീങ്ങിയത്. പുഴയിലെ പരിശോധനയില്‍ നാവികസേനയും പങ്കെടുത്തു. എങ്കിലും ലോഹസാന്നിധ്യമുള്ള പ്രദേശങ്ങള്‍ അടയാളപ്പെടുത്താന്‍ മാത്രമേ സാധിച്ചുള്ളു. പുഴയിലെ ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയും തെരച്ചില്‍ ദുഷ്‌കരമാക്കി. ഈ ഘട്ടത്തിലാണ് ഈശ്വര്‍ മാല്‍പേ രംഗത്തെത്തിയത്. നൂറുകണക്കിന് രക്ഷാദൗത്യങ്ങള്‍ വിജയിപ്പിച്ചിട്ടുള്ള മാല്‍പേയുടെ പരിചയ സമ്പത്ത് പക്ഷേ ഷിരൂരില്‍ വിജയമായില്ല. അടിയൊഴുക്കില്‍ നേവിയും മാല്‍പേയും അടിയറവു പറഞ്ഞു. പിന്നീട് ദൗത്യം തല്‍ക്കാലത്തേക്ക് അവസാനിപ്പിച്ചു.

രണ്ടാം ദൗത്യം

ഓഗസ്റ്റ് 13നാണ് അര്‍ജുനെ കണ്ടെത്താനുള്ള രണ്ടാം ദൗത്യത്തിന് തുടക്കമായത്. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതും വെള്ളം തെളിഞ്ഞതും അനുകൂല ഘടകങ്ങളായി. പ്രദേശത്തെ മത്സ്യത്തൊഴിലാളികളും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളും ഈശ്വര്‍ മാല്‍പേ സംഘവും തെരച്ചിലില്‍ പങ്കെടുത്തു. വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്ക് അടക്കം കണ്ടെത്തിയതോടെ പ്രതീക്ഷകള്‍ വര്‍ദ്ധിച്ചു. പക്ഷേ, പുഴയില്‍ മണ്ണ് അടിഞ്ഞിരുന്നതിനാല്‍ ഡ്രെഡ്ജര്‍ എത്തിക്കാതെ തെരച്ചില്‍ തുടരാന്‍ കഴിയില്ലെന്ന നിഗമനത്തില്‍ ജില്ലാ ഭരണകൂടം എത്തിച്ചേരുകയും വീണ്ടും ദൗത്യം നിര്‍ത്തി വെക്കുകയും ചെയ്തു. ഡ്രെഡ്ജര്‍ എത്തിക്കണമെങ്കില്‍ വലിയ തുക ചെലവാക്കേണ്ടി വരുമെന്ന് വ്യക്തമായിരുന്നു. ദൗത്യം തന്നെ കര്‍ണാടക സര്‍ക്കാര്‍ അവസാനിപ്പിച്ചേക്കുമോ എന്ന സംശയം ഉയര്‍ന്നതോടെ അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് നിവേദനം നല്‍കി. ഇതോടെ ഡ്രെഡ്ജറിന് ചെലവാകുന്ന തുക ഏറ്റെടുക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പു നല്‍കി.

മൂന്നാം ദൗത്യം

സെപ്റ്റംബര്‍ 20 വെള്ളിയാഴ്ചയാണ് മൂന്നാം ദൗത്യം ആരംഭിച്ചത്. ഇതിനായി ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിച്ചിരുന്നു. തെരച്ചിലില്‍ പങ്കെടുക്കാന്‍ ഈശ്വര്‍ മാല്‍പേയും സംഘവും എത്തിയിരുന്നു. മാല്‍പേ നടത്തിയ തെരച്ചിലില്‍ ചില ലോഹ ഭാഗങ്ങളും വാഹനങ്ങളുടെ ഭാഗങ്ങളും കിട്ടിയെങ്കിലും അതൊന്നും അര്‍ജുന്റെ ലോറിയുടേതല്ലെന്ന് ഉടമ മനാഫ് വ്യക്തമാക്കി. പിന്നീട് ഡ്രെഡ്ജര്‍ കമ്പനിയുമായും ജില്ലാ ഭരണകൂടവുമായും തെറ്റിയ മാല്‍പേ ദൗത്യം അവസാനിപ്പിച്ച് മടങ്ങി. നേവി അടയാളപ്പെടുത്തിയ സ്ഥലത്ത് മണ്ണ് മാറ്റി നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹവും കണ്ടെത്തി. മനാഫ് ലോറി തിരിച്ചറിയുകയും പിന്നീട് കരയ്ക്കടുപ്പിക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in