ഗവര്‍ണര്‍ നിയമനരീതിയില്‍ മാറ്റം വേണമെന്ന ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച് സി.പി.എം. വി.ശിവദാസന്‍ എം.പിയാണ് സഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. ഗവര്‍ണര്‍മാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി വേണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്.
ജനപ്രതിനിധികളുടെ വോട്ട് അനുസരിച്ചായിരിക്കണം ഗവര്‍ണര്‍മാരുടെ നിയമനം എന്നാണ് ബില്ല് മുന്നോട്ട് വെക്കുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ ഗവര്‍ണറെ പിന്‍വലിക്കണമെന്ന് ബില്ല് നിര്‍ദേശിക്കുന്നു. ഗവര്‍ണര്‍മാരെ നീക്കം ചെയ്യാന്‍ നിയമസഭകള്‍ക്ക് കഴിയണം. ഗവര്‍ണരുടെ പ്രവര്‍ത്തനം സംസ്ഥാന താല്‍പര്യത്തിന് എതിരാണെങ്കില്‍ പിന്‍വലിക്കാന്‍ അധികാരം നല്‍കണം.
കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ ബില്ല് രാഷ്ട്രീയ ശ്രദ്ധ നേടുന്നത്. ബി.ജെ.പിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഗവര്‍ണര്‍ ഇടപെടുന്നതെന്നാണ് സി.പി.എമ്മിന്റെ ആരോപണം.