സ്വപ്നയെ തള്ളി സി.പി.എം; വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ആനത്തലവട്ടം ആനന്ദന്‍
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ പ്രതികരണം വിശ്വാസത്തിലെടുക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍. അന്വേഷണ ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ എം.ശിവശങ്കര്‍ പറഞ്ഞത് ശരിയാണ്. എം.ശിവശങ്കര്‍ കേസില്‍ പ്രതിയാക്കപ്പെട്ടതാണെന്നും ആനത്തലവട്ടം ആനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
എം.ശിവശങ്കര്‍ അനുമതി ഇല്ലാതെ പുസ്തകം എഴുതിയത് ചട്ടലംഘനമാണെങ്കില്‍ അത് സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്നും ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. അനുമതിയില്ലാതെ പുസ്തകം എഴുതിയ എം.ശിവശങ്കറിനെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി എം. ശിവശങ്കര്‍ എഴുതിയ പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷ് ചാനലുകളിലൂടെ രംഗത്തെത്തിയത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതി എന്നിവ സംബന്ധിച്ചായിരുന്നു പ്രധാന ആരോപണം.