ഗവര്‍ണര്‍ ഒപ്പിടരുത്, മുഖ്യമന്ത്രിക്കെതിരായ കേസില്‍ ലോകായുക്ത വിധി വരുന്നതിനാലുള്ള നീക്കമെന്ന് വി.ഡി.സതീശന്‍

Amendment on Lokayukta, vd satheesan letter to governor

Amendment on Lokayukta, vd satheesan letter to governor

Published on

ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം. ലോകായുക്ത വിധി തള്ളുന്നതിനടക്കം സ്വാതന്ത്ര്യമുള്ള നിയമഭേദഗതിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. സംസ്ഥാനത്ത് നിലവിലിരിക്കുന്ന എല്ലാ അഴിമതി നിരോധന സംവിധാനങ്ങളേയും കാറ്റില്‍ പറത്തിയാണ് രഹസ്യമായി ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസാക്കി ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഭേദഗതി വന്നതോടെ അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ ഏക ആശ്രയമായിരുന്ന ലോകായുക്തയെ നിര്‍ജീവമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കത്തില്‍ വി.ഡി സതീശന്‍

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാക്കുകള്‍

ലോകായുക്ത നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ നിയമ ഭേഗതിയിലൂടെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ ഹിയറിങ് നടത്തി ലോകായുക്താ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് നിലവില്‍ വന്നാല്‍ ലോകായുക്തയുടെ പ്രസക്തി നഷ്ടമാകും. ലോകായുക്തയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ആയിരിക്കണമെന്നതു മാറ്റി ജഡ്ജി ആയാല്‍ മതിയെന്നും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിലൂടെ ഇഷ്ടക്കാരെ ലോകായുക്തയില്‍ വയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ലോകായുക്തയെ നിഷ്‌ക്രിയമാക്കാനുള്ള നീക്കമാണിത്.

ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കെതിരെ ആര്‍.എസ് ശശികുമാറും നല്‍കിയിരിക്കുന്ന കേസുകളില്‍ ലോകായുക്ത വിധി വരുന്ന സാഹചര്യത്തില്‍ കൂടിയാണ് രഹസ്യ നിയമ ഭേദഗതി നടത്തിയിരിക്കുന്നത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുമായി ഉടന്‍ ലോകായുക്തയെ സമീപിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുമുണ്ട്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഒരു അഴിമതി കേസും വരരുതെന്ന ലക്ഷ്യവും ഭേദഗതിക്ക് പിന്നിലുണ്ട്. ഇനി സര്‍ക്കാരിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയില്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമം.

സി.പി.എം അഖിലേന്ത്യാ നേതൃത്വവും സീതാറാം യെച്ചൂരിയും ലോകായുക്തയെ സംബന്ധിച്ച അഭിപ്രായം പാര്‍ലമെന്റിലുള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ പരിധി വിപുലപ്പെടുത്തി ലോകയുക്തയെ ശക്തിപ്പെടുത്തണമെന്നതാണ് സി.പി.എം നയം. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ ഈ നയത്തിന് വിരുദ്ധമായ തീരുമാനമാണ് ഈ ഓര്‍ഡിനന്‍സ്. കേരളത്തിലെ സി.പി.എം ഇടതുപക്ഷമല്ല തീവ്രവലതുപക്ഷ വ്യതിയാനത്തിലേക്ക് പോകുകയാണ്.

സില്‍വര്‍ ലൈന്‍, ലോകായുക്ത എന്നീ വിഷയങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായ സമീപനമാണ് കേരളത്തിലെ സി.പി.എം സ്വീകരിക്കുന്നത്. ലോകായുക്തയെ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമാണ് അംഗങ്ങള്‍. എന്നാല്‍ ഇത്രയും ഗൗരവതരമായ ഒരു ഭേദഗതി കൊണ്ടുന്നിട്ടും പ്രതിപക്ഷ നേതാവിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഫെബ്രുവരി പകുതിയോടെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ ജനുവരി അവസാനം ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ദുരൂഹമാണ്. സര്‍ക്കാരിനെതിരായ കേസുകളില്‍ നിന്നും രക്ഷപ്പെടാനാണ് ഈ ഓര്‍ഡിനന്‍സ്. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കരുത്.

Related Stories

No stories found.
logo
The Cue
www.thecue.in