'അമ്മ'ക്ക് പിന്നാലെ ഫെഫ്കയിലും ഭിന്നത; ഫെഫ്കയുടെ പ്രതികരണം കാപട്യമെന്ന് ആഷിഖ് അബു

'അമ്മ'ക്ക് പിന്നാലെ ഫെഫ്കയിലും ഭിന്നത; ഫെഫ്കയുടെ പ്രതികരണം കാപട്യമെന്ന് ആഷിഖ് അബു
Published on

താരസംഘടന അമ്മയ്ക്ക് പിന്നാലെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും ഭിന്നത. നേതൃത്വത്തിനെതിരെ സംവിധായകനും നടനുമായ ആഷിക് അബു രംഗത്തെത്തി. ഫെഫ്ക എന്നാല്‍ ബി. ഉണ്ണികൃഷ്ണന്‍ എന്നല്ല. ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണ്. ഫെഫ്കയുടെ പ്രതികരണം കാപട്യമാണെന്നും ബി. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്നു മാറ്റണമെന്നും ആഷിഖ് അബു പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സംഘടന സ്വീകരിച്ച നിലപാട് സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ കടുന്ന ഭിന്നത നിലനില്‍ക്കുകയാണ്. രാജി വെച്ച സിദ്ദിഖിന് പിന്നാലെ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റം അംഗങ്ങള്‍ക്ക് എതിരെയും ആരോപണം ഉയര്‍ന്നതോടെ ഭാരവാഹികള്‍ ചൊവ്വാഴ്ച കൂട്ടത്തോടെ രാജി വെച്ചിരുന്നു. ഇതിന് ശേഷമാണ് ഫെഫ്കയിലെയും ഭിന്നത മറനീക്കി പുറത്തു വന്നത്.

'അമ്മ'ക്ക് പിന്നാലെ ഫെഫ്കയിലും ഭിന്നത; ഫെഫ്കയുടെ പ്രതികരണം കാപട്യമെന്ന് ആഷിഖ് അബു
ഹേമ കമ്മിറ്റി റിപ്പോർട്ട്; മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

യൂണിയന്‍ നിലപാട് അല്ല വാര്‍ത്താക്കുറിപ്പെന്നും അത് ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു. തൊഴിലാളി സംഘടനയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ പൊതുമധ്യത്തില്‍ പ്രതികരിക്കട്ടെ. തൊഴില്‍ നിഷേധിക്കുന്നയാളാണ് ഉണ്ണികൃഷ്ണനെന്നും ആഷിഖ് അബു പറഞ്ഞു. സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചയാളാണ് ബി. ഉണ്ണികൃഷ്ണന്‍. നയരൂപീകരണ സമിതിയില്‍ നിന്ന് ഉണ്ണികൃഷ്ണനെ പുറത്താക്കണം. മാധ്യമങ്ങളോടും നാട്ടുകാരോടും നമ്മള്‍ സംസാരിക്കേണ്ടതില്ലായെന്നാണ് ഫെഫ്ക ഭാരവാഹികളെ വിളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണം. റിപ്പോര്‍ട്ടിന്മേല്‍ അക്കാദമിക് ആയ ചര്‍ച്ച വേണമെന്നാണ് ഭാരവാഹികള്‍ പറയുന്നത്. അംഗമെന്ന നിലയ്ക്ക് സംഘടനയുടെ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്. അത് ഭാരവാഹികളെ അറിയിച്ചുവെന്നും ആഷിഖ് അബു പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന് പത്താം ദിവസമാണ് ഫെഫ്ക പ്രതികരിച്ചത്. അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പ്രതികരിച്ചപ്പോഴും ഫെഫ്ക മൗനം തുടരുകയായിരുന്നു. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നുമാണ് ഫെഫ്ക പത്രക്കുറിപ്പിലൂടെ അറിയിച്ചത്. 'അമ്മ' എക്സിക്യൂട്ടീവ് കൂട്ടരാജി സംഘടനയെ നവീകരിക്കുന്നതിന്റെ തുടക്കമാകട്ടെയെന്നും ഫെഫ്ക പറഞ്ഞു.

'അമ്മ'ക്ക് പിന്നാലെ ഫെഫ്കയിലും ഭിന്നത; ഫെഫ്കയുടെ പ്രതികരണം കാപട്യമെന്ന് ആഷിഖ് അബു
മോഹൻലാൽ രാജിക്ക് മുമ്പായി മമ്മൂട്ടിയെ വിളിച്ചു; നാടകീയമായ 'അമ്മ'യിലെ കൂട്ടരാജിക്ക് പിന്നിൽ

അതിജീവിതര്‍ക്ക് നിയമനടപടികള്‍ക്കായി സഹായം നല്‍കാന്‍ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. സംഘടനയില്‍ കുറ്റാരോപിതരുണ്ടെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബര്‍ 2,3,4 തീയതികളില്‍ ചേരും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും ഫെഫ്ക പറഞ്ഞു.

അതിനിടെ ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചതിനെതിരെ സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീംകോടതി അതു ശരിവയ്ക്കുകയും ചെയ്ത ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് വിനയന്‍ കത്തിലൂടെ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത് സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു.

നീതിപരമല്ലാത്ത, നിഷ്പക്ഷത ഇല്ലാത്ത പ്രവര്‍ത്തനം നടത്തിയ ഒരു വ്യക്തി നയരൂപീകരണത്തിലിരുന്നാല്‍ എന്തായിരിക്കും ഉണ്ടാകുകയെന്ന് വിനയന്‍ ചോദിച്ചു. ബി ഉണ്ണികൃഷ്ണനെ പോലെയുള്ളവര്‍ നേതൃത്വത്തില്‍ വരികയാണെങ്കില്‍ തങ്ങളെ പോലെ, വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്യുന്ന ആളുകളുടെ അവസ്ഥയെന്താകമെന്നും വിനയന്‍ ചോദിച്ചു.

വിനയന്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്റെ പൂര്‍ണരൂപം

മലയാള സിനിമയില്‍ സംവിധായകനായും, തിരക്കഥാകൃത്തായും, നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചു വരുന്ന ഒരു വ്യക്തിയാണ് ഞാന്‍. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും, തൊഴില്‍ നിഷേധമുള്‍പ്പെടെയുള്ള മറ്റു വിഷയങ്ങളെക്കുറിച്ചും പഠിക്കാനായി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേരളത്തില്‍ വലിയ ചര്‍ച്ച ആയിരിക്കുന്ന ഈ അവസരത്തില്‍ ആ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില ഗൗരവമായ വിഷയങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുകയാണ്. റിപ്പോര്‍ട്ട് വന്നതിനു ശേഷം അത് പ്രസിദ്ധീകരിക്കുവാന്‍ വലിയ കാലതാമസം ഉണ്ടായെങ്കിലും, ഇന്ത്യയില്‍ ആദ്യമായി ഇങ്ങനെ സിനിമയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ച അങ്ങയുടെ സര്‍ക്കാരിന്റെ തീരുമാനത്തെ ആദ്യമേ അഭിനന്ദിച്ചുകൊള്ളട്ടെ.

ഈ റിപ്പോര്‍ട്ടിന്റെ 137 മുതല്‍ 141 വരെയുള്ള പേജുകളില്‍ സിനിമയിലെ തൊഴില്‍ നിഷേധത്തിനും വിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിധിയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. 2014-ല്‍ മലയാള സിനിമയിലെ തൊഴില്‍ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ പരാതിയുമായി പോയ വ്യക്തി ഞാനാ. 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് ഇതിനോടൊപ്പം അറ്റാച്ച് ചെയ്യുന്നുണ്ട്. കമ്മീഷന്റെ വെബ്‌സൈറ്റിലും ഈ വിധിയുടെ വിശദാംശങ്ങള്‍ കാണാന്‍ കഴിയും. ഈ വിധി അനുസരിച്ച് കോമ്പറ്റീഷന്‍ ആക്ടിന്റെ സെക്ഷന്‍ 3 പ്രകാരം അമ്മ സംഘടനയ്ക്ക് 4,00,065 (നാല് ലക്ഷത്തി അറുപത്തഞ്ച്) രൂപയും ഫെഫ്ക സംഘടനയ്ക്ക് 85,594 (എണ്‍പത്തി അയ്യായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി നാല്) രൂപയും പെനാല്‍റ്റി അടിച്ചിട്ടുള്ളതാണ്. ഇഇക ആക്ടിന്റെ സെക്ഷന്‍ 48 പ്രകാരം അന്നത്തെ 'അമ്മ' പ്രസിഡന്റ് ശ്രീ. ഇന്നസെന്റിന് 51,478 രൂപയും അമ്മ സെക്രട്ടറി ശ്രീ. ഇടവേള ബാബുവിന് 19,113 രൂപയും ഫെഫ്കയുടെ പ്രസിഡന്റ് ശ്രീ. സിബി മലയിലിന് 66,356 രൂപയും ഫെഫ്ക ജെനറല്‍ സെക്രട്ടറി ശ്രീ. ബി. ഉണ്ണികൃഷ്ണന് 32,026 രൂപയും പെനാല്‍റ്റി അടിച്ചിട്ടുള്ളതാണ്. ഇതിനെതിരെ ഈ സംഘടനകളും വ്യക്തികളും ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുകയും ബഹുമാനപ്പെട്ട ജസ്റ്റിസ് റോഹിംഗ്ടണ്‍ ഫാലി നരിമാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് 2020 സെപ്തംബര്‍ 28-ന് അപ്പീല്‍ തള്ളിക്കൊണ്ട് പെനാല്‍റ്റി നല്‍കിയ ശിക്ഷ ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. സുപ്രീം കോടതി വിധിയുടെ പകര്‍പ്പും ഇതിനോടൊപ്പം വയ്ക്കുന്നു.

സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെ ഫൈന്‍ അടച്ച വ്യക്തികളെല്ലാം കുറ്റക്കാരായി മാറിയിരിക്കുന്നു. എന്നാല്‍ ഫെഫ്ക സെക്രട്ടറി ശ്രീ. ബി. ഉണ്ണികൃഷ്ണനെ ശ്രീ. ഷാജി എന്‍. കരുണ്‍ അദ്ധ്യക്ഷനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചിരിക്കുന്നു എന്ന് 10-08-2023-ല്‍ ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി 15-ആം നിയമസഭയില്‍ ശ്രീ. ഐ. സി. ബാലകൃഷ്ണന് കൊടുത്ത മറുപടിയിലൂടെ ഞാന്‍ മനസ്സിലാക്കുന്നു (നിയമസഭയില്‍ കൊടുത്ത മറുപടിയുടെ കോപ്പി ഞാന്‍ ഇതിനോടൊപ്പം വയ്ക്കുന്നുണ്ട്).

അന്യായമായ പ്രതികാര ബുദ്ധിയോടെ തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതു വ്യക്തമായി പറയുകയും ചെയ്തിരിക്കുന്ന ഫെഫ്ക സെക്രട്ടറി ശ്രീ. ബി. ഉണ്ണികൃഷ്ണനെ കേരള സര്‍ക്കാരിന്റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in