മധു കൊലപാതക കേസില്‍ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ ഇന്ന് കുടുംബത്തെ കാണും

മധു കൊലപാതക കേസില്‍ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ ഇന്ന് കുടുംബത്തെ കാണും
Published on

ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ വി. നന്ദകുമാര്‍ ഇന്ന് അട്ടപ്പാടിയിലെത്തും. മധുവിന്റെ കുടുംബത്തെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിയും. കേസ് നടത്തിപ്പില്‍ മധുവിന്റെ കുടുംബത്തിന് നിയമോപദേശം നല്‍കും.

നിയമസഹായം നല്‍കുന്ന കാര്യം മമ്മൂട്ടിയുടെ ഓഫീസ് വിളിച്ച് അറിയിച്ചിരുന്നുവെന്ന് മധുവിന്റെ ബന്ധു മുരുഗന്‍ ദ ക്യുവിനോട് പറഞ്ഞു. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ചര്‍ച്ച നടക്കുന്നതേയുള്ളുവെന്നും മുരുകന്‍ പറഞ്ഞു.

മധുവിന്റെ കൊലപാതക കേസില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍ ഒറ്റത്തവണ പോലും ഹാജരായിരുന്നില്ല. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

ഇതിനിടെയാണ് കുടുംബത്തിന് നിയമ സഹായം ഉറപ്പുവരുത്താന്‍ മമ്മൂട്ടി ഇടപെട്ടത്. മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിര്‍ന്ന അഭിഭാഷകനാണ് നന്ദകുമാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in