അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു.
അതിജീവിതയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അടിയന്തിരമായി സംസ്ഥാന പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെയും ചേംബറില്‍ വിളിച്ചുവരുത്തി. അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ചും കേസന്വേഷണം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കി.
കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകും.
സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല
ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അതിജീവിത. തന്റെ ആശങ്കകള്‍ മാത്രമാണ് ഹര്‍ജിയില്‍ പങ്കുവെച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. സര്‍ക്കാരിനെതിരെ ഒന്നും പറയാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നിട്ടും അത് അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. അതിനെല്ലാം താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത
ഹര്‍ജിക്ക് പിന്നില്‍ കോണ്‍ഗ്രസാണ് എന്ന ആരോപണങ്ങളോട് അതെല്ലാം വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് നടി പ്രതികരിച്ചു.
തുടരന്വേഷണം വേണമോ എന്നുള്ള അവ്യക്തതയിലെല്ലാം പ്രയാസം അനുഭവപ്പെട്ടു. അത് തനിക്ക് മാത്രമല്ല ഒരു കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്ന എല്ലാവര്‍ക്കും മാനസികമായി ബുദ്ധിമുട്ടുകളുണ്ടാകും.
മന്ത്രിമാരുള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതില്‍ പ്രയാസമുണ്ടോ എന്ന ചോദ്യത്തിന് അതില്‍ ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി. എല്ലാവരും പറയുന്നതില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എനിക്ക് ആരുടെയും വായ അടച്ചു വെക്കാന്‍ പറ്റില്ല. അവര്‍ക്ക് അറിയില്ല എന്താണ് ഈ യാത്രയെന്നും നടി പറഞ്ഞു. പോരാടാന്‍ തയ്യാറല്ലെങ്കില്‍ ഞാന്‍ മുന്നേ ഇത് ഇട്ടിട്ട് പോകണമായിരുന്നുവെന്നും അതിജീവിത പറഞ്ഞു.