'ആദരാഞ്ജലികളെ പുച്ഛിക്കുന്നോ? അത് സ്നേഹം കൊണ്ടാ'; വ്യാജ വാർത്തകളിൽ ശ്രീനിവാസൻ പറഞ്ഞത് :മനോജ് രാംസിങ്

'ആദരാഞ്ജലികളെ പുച്ഛിക്കുന്നോ? അത് സ്നേഹം കൊണ്ടാ'; വ്യാജ വാർത്തകളിൽ ശ്രീനിവാസൻ പറഞ്ഞത് :മനോജ് രാംസിങ്
Published on

നടൻ ശ്രീനിവാസന്റെ ആരോ​ഗ്യ നിലയെക്കുറിച്ച് നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജ വാർത്തകൾ പടച്ചുവിടുന്നവർക്ക് വൃത്തികെട്ട മനസാണെന്ന പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്. ശ്രീനിവാസൻ അതിനെയെല്ലാം വളരെ രസകരമായ രീതിയിലാണ് സമീപിക്കുന്നതെന്നും പണ്ടും അങ്ങനെത്തന്നെയായിരുന്നുവെന്നും ദ ക്യുവിനോട് മനോജ് രാംസിങ് പറഞ്ഞു

മനോജ് രാംസിങ്ങിന്റെ വാക്കുകൾ

നമ്മുടെ സമൂഹത്തിലെ ചില ആളുകളുടെ വൃത്തികെട്ട മനസാണ് കാണിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒരാൾ മരിച്ചുവെന്ന് പ്രചരിപ്പിക്കുന്നു. അത് ആദ്യം താൻ തന്നെ പ്രചരിപ്പിക്കണം, അതിലൂടെ തനിക്ക് കിട്ടുന്ന ലൈക്ക് ഷെയർ എല്ലാം ആഘോഷിക്കണം എന്നിങ്ങനെയുള്ള മനുഷ്യന്റെ സങ്കുചിതമായ ചിന്തകളാണ് അതിന് കാരണം. 15 ദിവസം മുമ്പായിരുന്നു നില ​ഗുരുതരം എന്ന നിലയിൽ ശീനിയേട്ടനെ അഡ്മിറ്റ് ചെയ്തത്. അന്ന് ആരും അറിഞ്ഞിട്ടില്ല. അതിന് മുമ്പ് ഒന്നര മാസമായി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോഴാണ് അപ്പോളോയിലേക്ക് മാറ്റുന്നത്.

മീഡിയ വണ്ണിന്റെ ലോ​ഗോ വച്ചാണ് ആ വാർത്ത കൂടുതൽ പ്രചരിച്ചത്. പക്ഷെ, അവർ തന്നെ അത് ഫേക്ക് ആണ് എന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടിരുന്നു. ഇത്തരം വ്യാജ വാർത്തകൾ പരക്കുന്നത് സോഷ്യൽ മീഡിയയുടെ ഒരു വലിയ സ്വാധീനം കൊണ്ടാകാം. ഇന്നലെ പോലും ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് അദ്ദേഹം ഓക്കെയാണ്. പക്ഷെ, ഡയാലിസിസ് ചെയ്യുന്ന ആളായതുകൊണ്ട് അത് നോക്കേണ്ടത് ഡോക്ടർമാരുടെ കൺസേണാണ്. അതുകൊണ്ട് കൂടുതൽ മോണിറ്റർ ചെയ്യുകയാണ്.

ഇത്തരമൊരു സം​ഗതി നേരത്തെയും സംഭവിച്ചിട്ടുണ്ട്. ഒരു അസുഖവും ഇല്ലാത്ത ഒരു സമയത്ത് ഇതുപോലെ ശ്രീനിവാസൻ അന്തരിച്ചു എന്ന വാർത്ത വന്നു. അപ്പോൾ തന്നെ ഞാൻ അദ്ദേഹത്തെ വിളിച്ചു, ഷൂട്ടിങ്ങിലാണെന്ന് പറഞ്ഞു. ഇക്കാര്യം അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, ആ ഞാൻ അങ്ങനാ. ജീവിച്ചിരിക്കുമ്പോൾ തന്നെ പല തവണ ഞാൻ മരിക്കും എന്നാണ്. ഇത്തരത്തിലാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾക്കും അദ്ദേഹം പ്രതികരിക്കുന്നത്.

മനോജ് രാംസിങ്ങിന്റെ ഫേസ്ബുക്ക് കുറിപ്പ്

രാത്രിയിൽ ശ്രീനിയേട്ടനോട് സംസാരിക്കവേ വീണ്ടും തോരാതെ പെയ്യുന്ന ആദരാജ്ഞലി വാർത്തകളെപ്പറ്റി ശ്രീനിയേട്ടൻ: "ആദരാഞ്ജലികളെ പുശ്ചിക്കാൻ താനാരാ ? അത് സ്നേഹമാണ്, മരിക്കുന്നതിന് മുൻപേ ചിലരത് തരുന്നെങ്കിൽ അതിനർത്ഥം അവർക്ക് നമ്മളോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്, എനിക്ക് അഞ്ജലികൾ ഇഷ്ട്ടമാണ്.. മനോജിന് ജീവിച്ചിരിക്കുമ്പോൾ ആദരാഞ്ജലി കിട്ടാത്തതിന്റെ കൊതിക്കെർവ്വാണ്..."

"ഞാനിപ്പോ എന്താ വേണ്ടേ ?"

ശ്രീനിയേട്ടൻ: "പോയിട്ട് പരമാവധി ആദരാഞ്ജലി സംഘടിപ്പിച്ചോണ്ട് വാ... പിന്നെ, അഞ്ജലികളെ തടയുന്ന ഒറ്റ പോസ്റ്റ് പോലും ഇട്ടേക്കരുത്... ഐ നീഡ് മാക്സിമം അഞ്ജലീസ്... യു ഗെറ്റ് മീ ?

Related Stories

No stories found.
logo
The Cue
www.thecue.in