നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചായിരുന്നു അപകടം. ജോജു ജോര്‍ജ്ജ് നായകനാകുന്ന സിനിമയുടെ ചിത്രീകരണത്തിനായി തൊടുപുഴയില്‍ എത്തിയതായിരുന്നു അനില്‍. ഡാം സൈറ്റില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ടാണ് അപകടമെന്നാണ് വിവരം. ഷൂട്ടിംഗ് ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ആഴമുള്ള കയത്തില്‍പ്പെട്ട് അനിലിനെ കാണാതായതിനെ തുടര്‍ന്ന് കൂട്ടുകാരും സമീപവാസികളും തെരച്ചില്‍ നടത്തി. അനിലിനെ കണ്ടെത്തിയ ഉടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലാണ്.
ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. മലങ്കര ടൂറിസ്റ്റ് ഹബ്ബിലാണ് കയത്തില്‍പ്പെട്ടത്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ജന്മദിനമായ ഇന്ന് സച്ചിയുമൊത്തുള്ള ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് അനില്‍ നെടുമങ്ങാട് രാവിലെ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയിലെ സി.ഐ സതീഷ് എന്ന കഥാപാത്രമായി അനില്‍ ഗംഭീര പ്രകടനം കാഴ്ച വച്ചിരുന്നു. സച്ചിയെ അനുകരിച്ചാണ് ആ കഥാപാത്രം ചെയ്തതെന്നായിരുന്നു അനില്‍ നെടുമങ്ങാട് എഴുതിയത്.
തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയത്തില്‍ ഡിപ്ലോമ നേടിയ ശേഷം ടെലിവിഷന്‍ ചാനലുകളില്‍ അവതാരകനായും പ്രോഗ്രാമുകളിലൂടെയും സജീവമായിരുന്നു അനില്‍ നെടുമങ്ങാട്. ഹോളിവുഡ് സിനിമകളുടെ ശൈലിയെ സ്പൂഫ് ചെയ്തുള്ള സ്റ്റാര്‍ വാര്‍ കൈരളി ചാനലില്‍ ഏറെ സ്വീകാര്യത നേടിയ പ്രോഗ്രാമായിരുന്നു.
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലെ ഫ്രെഡി എന്ന കഥാപാത്രമാണ് അനില്‍ നെടുമങ്ങാടിന് സിനിമയില്‍ ബ്രേക്കായത്. മണ്‍റോ തുരുത്ത്, പാവാട, കമ്മട്ടിപ്പാടം, കിസ്മത്ത്, അയാള്‍ ശശി എന്നീ ചിത്രങ്ങളിലും കരുത്താര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.