അഭയകേസ് പ്രതികളെ സഹായിച്ചു; സിറിയക് ജോസഫ് രാജിവെക്കണമെന്ന് ജലീല്‍

അഭയകേസ് പ്രതികളെ സഹായിച്ചു; സിറിയക് ജോസഫ് രാജിവെക്കണമെന്ന് ജലീല്‍
Published on

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ആരോപണവുമായി കെ.ടി ജലീല്‍. അഭയ കേസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു. തെളിവുകളുണ്ടെന്നും കെ.ടി ജലീല്‍. അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ രക്ഷിക്കാന്‍ ബന്ധു കൂടിയായ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചു.

2008ല്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കേ ബെംഗളുരുവിലെ നാര്‍കേ അനാലിസിസ് ലാബിലെത്തി ഫാദര്‍ കോട്ടൂരുമായി ശബ്ദപരിശോധനയെക്കുറിച്ച് സംസാരിച്ചു. ഇത് ലാബിലെ അസിസ്റ്റന്റ് ഡോക്ടര്‍ എസ്.മാലിനി വെളിപ്പെടുത്തിയിരുന്നു. തോമസ് കോട്ടൂരിന്റെ സഹോദരന്‍ വിവാഹം കഴിച്ചിരിക്കുന്നത് സിറിയക് ജോസഫിന്റെ ഭാര്യയുടെ സഹോദരിയെയാണ്. അഭയ കേസിലെ ഒന്നാം പ്രതിയുമായി കുടുംബ ബന്ധമുണ്ടോയെന്ന് സിറിയക് ജോസഫ് തുറന്ന് പറയണമെന്ന് കെ.ടി ജലീല്‍ ആവശ്യപ്പെട്ടു.

91ാം സാക്ഷിയായിട്ടുള്ള ഡോക്ടര്‍ മാലിനിയെ സി.ബി.ഐ കോടതി വിസ്തരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഫാദര്‍ കോട്ടൂരുള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടി. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി സിറിയക് ജോസഫ് ഒരു പ്രതികരണം നടത്തിയിട്ടില്ല. മൗനം കൊണ്ട് ഓട്ടയടിക്കാനാണ് സിറിയക് ജോസഫ് ശ്രമിക്കുന്നത്. സിറിയക് ജോസഫ് മൗനം വെടിയണം. നാര്‍കോ അനാലിസിസ് നടത്തിയ ലാബ് സന്ദര്‍ശിച്ചിരുന്നോയെന്ന കാര്യവും ജനങ്ങളോട് തുറന്ന് പറയണമെന്നും കെ.ടി ജലീല്‍.

ന്യായാധിപന് ചേരാത്ത നടപടിയാണ് ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. നീതിബോധമുണ്ടെങ്കില്‍ സിറിയക് ജോസഫ് രാജിവെയ്ക്കണമെന്നും അല്ലെങ്കില്‍ ഗുരുതര ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ തനിക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും കെ.ടി ജലീല്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in