കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്യുന്ന അവിടത്തെ പോലെ ഇവിടെയും എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയം, മമ്മൂട്ടി, മോഹന്‍ലാല്‍, സോമന്‍, ശോഭന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ചിത്രത്തില്‍ സെയില്‍സ് റെപ്പായ മമ്മൂട്ടി ഒരു തൃശൂര്‍ക്കാരന്‍ മുതലാളിയെ കാണാനെത്തുന്ന ഒരു രംഗമുണ്ട്. തിരക്കഥാകൃത്ത് ജോണ്‍പോള്‍ അതിനായി ഒരു നടനെ കെഎസ് സേതുമാധവന്റെ മുന്നില്‍ കൊണ്ടുവരുന്നു. സീന്‍ വായിക്കാന്‍ പറഞ്ഞിട്ട് കെ.എസ് സേതുമാധവന്‍ അയാളോട് ചോദിച്ചു, സീനില്‍ തമാശയുണ്ടോ... ഇല്ല എന്ന് നടന്‍ മറുപടി പറഞ്ഞു, തമാശയുണ്ടാക്കാന്‍ പറ്റുമോ എന്നായി അടുത്ത ചോദ്യം. അതെയെന്ന് ആ നടന്‍ മൂളി, കുറച്ച് നിമിഷം മാറിയിരുന്നു, അയാള്‍ പറഞ്ഞത് അടുത്തിരുന്ന സഹസംവിധായകരിലൊരാളായ കമല്‍ എഴുതിയെടുത്തു, കുറച്ച് നിമിഷത്തിന് ശേഷം കെ.എസ് സേതുമാധവനെ വായിച്ച് കേള്‍പ്പിച്ചു. സീന്‍ കേട്ടതും മലയാളിയുടെ വിഖ്യാത സംവിധായന്‍ പൊട്ടിച്ചിരിച്ചു. മറുവശത്തുണ്ടായ ഇന്നസെന്റെന്ന നടന്റെ മലയാള സിനിമയിലെ പെര്‍മനന്റ് പൊസിഷന്‍ അവിടെ ആരംഭിക്കുകയായിരുന്നു.
കെ.എസ് സേതുമാധവനെ പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ കഥ മലയാളികള്‍ക്ക് അതിശയോക്തിയായി തോന്നില്ല. സ്‌ക്രീനിനകത്തും പുറത്തും എഴുത്തിലും സംസാരത്തിലും എന്തിന് കാന്‍സര്‍ വാര്‍ഡില്‍ പോലും അയാള്‍ ചിരിയുടെ ഒരു നുറുങ്ങ് ചേര്‍ത്ത് മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വെച്ചു നല്‍കിയിരുന്നു. ചിരിയില്ലാത്ത, ചിരിക്കാത്ത, ചിരിപ്പിക്കാത്ത ഇന്നസെന്റിനെ മലയാളിക്കോര്‍മയുണ്ടാകുകയുമില്ല.
ആദ്യ കാലത്ത് പേരില്ലാത്ത ചെറിയ റോളുകളായിരുന്നു ഇന്നസെന്റിന്റേത്. അവിടത്തെ പോലെ ഇവിടെയും റിലീസാകുന്നതിന് ഏകദേശം പത്ത് വര്‍ഷങ്ങള്‍ മുന്‍പേ ഇന്നസെന്റ് സിനിമാ മോഹവുമായി മദ്രാസിലുണ്ട്. നൃത്തശാല എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ചെറിയൊരു റോള്‍ മാത്രം. നൃത്തശാല റിലീസായപ്പോള്‍ നാട്ടിലെത്തി തിയ്യേറ്ററില്‍ സ്വന്തം സീന്‍ വരുമ്പോള്‍ കുറച്ച് അഭിമാനത്തോടെയിരുന്ന്, തൊട്ടടുത്തിരിക്കുന്നയാള്‍ക്ക് തന്നെ മനസിലാകുന്നുണ്ടോയെന്ന് ഒളിഞ്ഞു നോക്കുകയും സത്യന്‍ നടക്കുന്ന പോലെ പ്രൗഢിയില്‍ തിരിച്ച് പോവുകയും ചെയ്ത ഇന്നസെന്റ് സിനിമ നടന്‍ എന്ന നിലയില്‍ സ്ഥാനമുറപ്പിക്കുന്നത് എളുപ്പത്തിലല്ലായിരുന്നു.
മദ്രാസ് റെയില്‍വേ സ്റ്റേഷനില്‍ ട്രിവാന്‍ഡ്രം മെയിലില്‍ വന്നിറങ്ങുന്ന , സിനിമാ നടനായെന്ന ആറ്റിറ്റിയൂഡുള്ളവരെ കാണുമ്പോള്‍ ചിരിവരുമെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്, കാരണം അക്കാലത്ത് രണ്ട് കൊല്ലമായിട്ട് ഇന്നസെന്റ് അതേ സ്വപ്നവുമായി മദ്രാസിലുണ്ടായിരുന്നു. ഒന്നും നടക്കാതായപ്പോള്‍ തിരിച്ച് നാട്ടിലെത്തി. മനസ്സിലെ സിനിമ ഉള്ളില്‍ വെച്ചുകൊണ്ട് തന്നെ മറ്റ് പല ബിസിനസുകള്‍ ചെയ്തു. ലേഡീസ് ബാഗ് പല സ്ഥലങ്ങളില്‍ നിന്ന് വാങ്ങിക്കൊണ്ടുവന്ന് വില്‍ക്കുന്നതിനിടെയാണ് നടന്‍ സുകുമാരന്‍ കാറില്‍ പോകുന്നത് കാണുന്നത്. ഞാനും അങ്ങനെ പോകേണ്ട, സിനിമ നടനാകേണ്ടയാളല്ലേ എന്ന് വിചാരിച്ച് അന്ന് ഇന്നസെന്റ് വണ്ടി തിരിച്ചു. പിന്നീട് സിനിമ നിര്‍മാണ കമ്പനി തുടങ്ങി,ചെറിയ വേഷങ്ങള്‍ ചെയ്തു. മോഹന്‍ സംവിധാനം ചെയ്ത ഇളക്കങ്ങളിലായിരുന്നു ആദ്യത്തെ പ്രധാനകഥാപാത്രം, മദ്രാസ് ഫിലിം ഫാന്‍സിന്റെ ആ വര്‍ഷത്തെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം അതിലൂടെ ഇന്നസെന്റിന് കിട്ടി, അടൂര്‍ഭാസിയും, പപ്പുവും, ബഹദൂറും, പറവൂര്‍ ഭരതനും മാളയുമെല്ലാം നിറഞ്ഞു നിന്നിരുന്ന മലയാള സിനിമയുടെ ഹാസ്യലോകത്തേക്ക് അങ്ങനെ ഇന്നസെന്റും തുടക്കം കുറിച്ചു.
തമാശ ഇന്നസെന്റിന്റെ സ്ട്രോങ്ങ് ഫീല്‍ഡായിരുന്നു. ഇന്നസെന്റ് എന്ന് എന്തുകൊണ്ട് പേരിട്ടുവെന്ന ചോദ്യത്തിന് വലുതാകുമ്പോള്‍ താന്‍ ജയിലില്‍ പോകുമെന്ന് അച്ഛന് തോന്നിയെന്നും കോടതിയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ പ്രോസിക്യൂട്ടര്‍ ഇവന്‍ ഇന്നസെന്റാണെന്ന് പറയുമെന്നും പറഞ്ഞ് ചിരിപ്പിച്ചൊരാള്‍. ഏത് സിറ്റുവേഷനിലും ഏത് സമയത്തും ഏത് കഥകളിലും അയാള്‍ നമ്മളെ ചിരിപ്പിക്കാനായെന്തെങ്കിലും കരുതിവെച്ചിട്ടുണ്ടായിരുന്നിരിക്കും. അതെല്ലാം കൊണ്ട് തന്നെയായിരുന്നു സ്‌ക്രീനിന് പുറത്തും ഇന്നസെന്റ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടൊരാളായത്.
സ്‌ക്രീനില്‍ ഇന്നസെന്റിന് ബ്രേക്ക് നല്‍കുന്നതില്‍ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്ന് പൊന്മുട്ടയിടുന്ന താറാവാണ്. അതുവരെ ചെറുതോ അല്ലെങ്കില്‍ കഥയോട് നേരിട്ട് ബന്ധമൊന്നുമില്ലാത്ത എന്നാല്‍ ഹാസ്യ ലെയര്‍ കൊണ്ട് സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്ന കാരക്ടേഴ്സാണ് ഇന്നസെന്റിന് ലഭിച്ചിരുന്നത്. അതില്‍ തന്നെ സര്‍വകലാശാലയിലെ സ്പോര്‍ട്സ് അറിയാത്ത സ്പോര്‍ട്സ് അധ്യാപകനുണ്ട്, വൈറ്റ് ആന്‍ഡ് വൈറ്റ് ധരിച്ച് പി.ടി ഉഷയെപ്പറ്റി ചോദിക്കുമ്പോള്‍ അസൂയ കാണിക്കുന്ന ഇന്നസെന്റ് ഇന്നും ചിരിപ്പിക്കുന്ന കഥാപാത്രമാണ്. പക്ഷേ പൊന്‍മുട്ടയിടുന്ന താറാവിലേക്കെത്തിയപ്പോള്‍, പണിക്കര്‍ സിനിമയിലെ മുഖ്യകഥാപാത്രമായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ കഥയിലുള്ള കഥയെ നിയന്ത്രിക്കുന്ന ചിരിപ്പിക്കുന്ന സീനുകള്‍ക്ക് അപ്പുറം സിനിമയ്ക്ക് വേണ്ടി പൂര്‍ണമായും ക്രിയേറ്റ് ചെയ്ത ഒരു കഥാപാത്രം. ചെറിയ കഥാപാത്രങ്ങളില്‍ നിന്ന് മാറി സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍ ഇന്നസെന്റിനെ പൂര്‍ണമായി ഉപയോഗിച്ച് തുടങ്ങിയതും ആ ചിത്രത്തിലായിരുന്നു. ചിത്രത്തില്‍ ജുബ്ബയൂരിക്കൊണ്ട് ഭാര്യയോട് സംസാരിക്കുന്ന ഒരു രംഗമുണ്ട്. പറയുന്നതെന്താണെന്ന് ആര്‍ക്കും മനസിലാകാതെ ചിരിപടര്‍ത്തുന്ന രംഗം, സ്വന്തം അപ്പനില്‍ നിന്ന് അടര്‍ത്തിയെടുത്തതായിരുന്നു ഇന്നസെന്റ് അത്, അന്നതിനപ്പുറമൊരു കോമഡിയില്ലെന്ന് സംവിധായകനും സാക്ഷ്യം വെച്ചു. അത് ശരിയായിരുന്നുവെന്ന് നമുക്കറിയാം.
സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത റാംജി റാവൂ സ്പീക്കിംഗ് ആയിരുന്നു പിന്നീടെത്തിയത്, പൂട്ടിയ നാടകക്കമ്പനിക്കാരന്‍, താമസിക്കാനൊരു മുറി ആരെങ്കിലും ബുക്ക് ചെയ്യാന്‍ വരുമെന്ന് കാത്തിരുന്ന്, വന്ന ബാലകൃഷ്ണന്റെ പുകഴ്ത്തലില്‍ മനസ്സലിഞ്ഞ് ആ കുരിശ് കൂടി ദേഹത്തേക്കെടുത്ത് വെക്കുന്നയാള്‍, ബാലകൃഷ്ണനോട് "ന്നാ ചെറുപ്ലശേരിക്കാരന്‍ എണീക്ക്ന്ന്" പറയുന്ന ദേഷ്യവും, അല്ലേലും വിവരമില്ലാത്തവനാണേലും സത്യമേ പറയു എന്ന് പറയുന്ന നിഷ്‌കളങ്കതയുമെല്ലാം ഇന്നസെന്റ് എന്ന ആക്ടറിന്റെ ട്രേഡ് മാര്‍ക്കായിരുന്നു. അത് മനപ്പാഠം പോലെ കാഴ്ചക്കാര്‍ പഠിച്ചുവെച്ചിരിക്കുന്നതും ഇന്നസെന്റ് ആയതു കൊണ്ട് തന്നെ.
പിന്നീട് കോമഡി റോളുകളില്‍ ഇന്നസെന്റിന്റെ സാന്നിധ്യം മലയാളസിനിമയ്ക്ക് ഒഴിച്ചുകൂടാാന്‍ പറ്റാത്തതായിരുന്നു. കിലുക്കം, വിയറ്റ്‌നാം കോളനി, മിഥുനം, ഡോ പശുപതി, മണിച്ചിത്രത്താഴ്, എന്നിങ്ങനെ അടയാളപ്പെടുത്തുന്ന ഒരുപാട് സിനിമകളില്‍ പ്രേക്ഷകരെ ചിരിപ്പിച്ച താരമായി ഇന്നസെന്റ് ഉണ്ടായിരുന്നു. അഭിനയപ്രകനങ്ങള്‍ എണ്ണിയെണ്ണി അനലൈസ് ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണ് ഇതില്‍ ചിലതൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിവരുന്നുണ്ടോ, അല്ലെങ്കില്‍ ഇന്നസെന്റിനപ്പുറം മറ്റെന്തെങ്കിലും ഓര്‍മിയിലുണ്ടോ എന്ന് ആലോചിക്കുന്നത്. ലോട്ടറിയെടുത്തിട്ടുള്ള ഏതെങ്കിലും ഒരുമലയാളി, കേട്ടിട്ട്ണ്ട് എന്ന് പറയാതെ പോവില്ല, സാമിക്ക് സാമ്പാറ് എരിശേരി പുളിശേരി പപ്പടം, എനിക്ക് ചിക്കന്‍ കറി എന്ന് കേള്‍ക്കുമ്പോള്‍ ചിരിക്കാതെയുണ്ടാവില്ല, മിഥുനത്തിലെ ട്രേഡ് മാര്‍ക്ക് പുഛഭാവത്തിനപ്പുറം ചിരിപ്പിക്കുന്നൊരു പുച്ഛം ഓര്‍മയിലുണ്ടാവില്ല.
എന്നാല്‍ വെറും ഹാസ്യതാരത്തില്‍ ഒതുങ്ങി നില്‍ക്കുന്നതുമായിരുന്നില്ല ഇന്നസെന്റ് എന്ന ആക്ടര്‍. മലയാള സിനിമയിലെ ഹാസ്യതാരങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിച്ചതിനൊപ്പം തന്നെ ഉള്ള് കലക്കുന്ന വിധം കരയിപ്പിച്ചിട്ടുമുണ്ട്. കന്നാസും കടലാസുമായി ഇന്നസെന്റും ജഗതി ശ്രീകുമാറും കൂടൊഴിഞ്ഞ പക്ഷികളെപ്പോലെ പറന്നുനടന്നപ്പോള്‍, അതില്‍ പൊട്ടിച്ചിരിയുണ്ടായിരുന്നു, അതിനൊപ്പം കണ്ണ് നനയിപ്പിക്കുന്ന വേദനയുണ്ടായിരുന്നു. ദേവാസുരത്തിലും രാവണപ്രഭുവിലും വാര്യരെന്ന കിളവനായെത്തിയപ്പോള്‍ ഹാസ്യതാരമെന്നതിന്റെ ഹാങ്ങ് ഓവറോ അമിതാഭിനയമോ, ഇല്ലാതെ പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കാരക്ടര്‍ റോളുകളില്‍ ഇന്നസെന്റ് എന്ന പേര് മലയാളസിനിമയില്‍ മായ്ച്ചുകളയാന്‍ പറ്റാത്തവിധം ആഴത്തില്‍ പതിഞ്ഞതും.
ഇന്നസെന്റ്, ജഗതി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കെ.പി.എ.സി ലളിത, സുകുമാരി, ഇവരിലാരെങ്കിലും ഉള്‍പ്പെടാത്ത ഒരുമിച്ച് വരാത്തൊരു കോമ്പിനേഷനില്ലാത്തൊരു സിനിമ ഓര്‍മയിലുണ്ടാകുമോ...? ഇന്നസെന്റും കെ.പി.എ.സി ലളിതയും ചേര്‍ന്ന എത്ര സിനിമകള്‍, ഗജകേസരിയോഗം, മണിച്ചിത്രത്താഴ്, ഗോഡ്ഫാദര്‍, ശുഭയാത്ര, കോട്ടയം കുഞ്ഞച്ചന്‍ എല്ലാം ആരാണ് സ്‌കോര്‍ ചെയ്യുന്നതെന്ന് മനസിലാക്കാത്ത വിധം പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കഥാപാത്രങ്ങള്‍.
ചിരിപ്പിക്കുന്ന വില്ലനും ചിരിപ്പിക്കാത്ത വില്ലനുമായിട്ട് ഇന്നസെന്റ് സ്‌ക്രീനിലെത്തിയിട്ടുണ്ട്, മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ടു, നരനിലും മനസിനക്കരെയിലുമെല്ലാം കണ്ണ് നനയിപ്പിച്ചു. പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്നൊരു സമയത്താണ് മംഗലശേരി നീലകണ്ഠനൊപ്പം അധികാരത്തിന്റെയും വാത്സല്യത്തിന്റെയും വാര്യരായി മാറിയത്. ആ വേഷപകര്‍ച്ച തന്നെയാണ് അയാളെ ഒഴിച്ചുകൂടാനാകാത്ത വിധം മലയാളിയുടെ ഫ്രെയിമുകള്‍ക്കകത്ത് നിര്‍ത്തിയത്. അയാള്‍ പ്രേക്ഷകരെ ചിരിപ്പിച്ചതത്രയും ഓര്‍ക്കുമ്പോഴാണ് നമ്മളോരോരുത്തര്‍ക്കും അറിയാതെ കണ്ണ് നനഞ്ഞു പോകുന്നത്.