അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടി കൊന്നു; എം.എല്‍.എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം

അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടി കൊന്നു; എം.എല്‍.എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം
Published on

അതിരപ്പിള്ളിയില്‍ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ചാലക്കുടി എം.എല്‍.എ സനീഷ് കുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡില്‍ കുത്തിയിരിക്കുന്നു. സംസ്ഥാന പാതയാണ് ഉപരോധിക്കുന്നത്. ചാലക്കുടി- അതിരപ്പിള്ളി റോഡിലാണ് പ്രതിഷേധം. കാട്ടാന ശല്യത്തിന് പരിഹാരം വേണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്നിമിയയാണ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കുട്ടിയുടെ അച്ഛനും മുത്തച്ഛനും പരിക്കേറ്റിട്ടുണ്ട്. ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. മൂന്ന് പേരും ചിതറി ഓടി. കുട്ടിയുടെ തലയ്ക്കാണ് ആനയുടെ ചവിട്ടേറ്റത്.

കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിനിടെയായിരുന്നു അച്ഛനും മുത്തച്ഛനും പരിക്കേറ്റത്. നാട്ടുകാര്‍ മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആഗ്നിമിയ മരിച്ചിരുന്നു.

പ്രദേശത്ത് കുറെ കാലമായി കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും ഭയമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചിരുന്നു.

കുടുംബത്തിന് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in