കേരള മോഡല്‍ : അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും പ്രസവാവധി ആനുകൂല്യം പ്രാബല്യത്തിലേക്ക്, രാജ്യത്ത് ആദ്യം
സംസ്ഥാനത്തെ അണ്‍എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും പ്രസവാവധി ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. ഇനി മുതല്‍ അണ്‍ എയ്ഡഡ് മേഖലയിലെ വനിതാ ജീവനക്കാര്‍ക്കും പ്രസവാവധി ആനുകൂല്യം ലഭ്യമാകും. ഓഗസ്റ്റ് 29 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം അനിവാര്യമായിരുന്നു. കഴിഞ്ഞ ദിവസം ഇത് ലഭ്യമായി.
ഇതോടെ രാജ്യത്ത് അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെയും ജീവനക്കാരെയും പ്രസവാവധി പരിരക്ഷയില്‍ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി കേരളം. ഇതുപ്രകാരം ജീവനക്കാര്‍ക്ക് 26 ആഴ്ച ശമ്പളത്തോടെ അവധി ലഭിക്കും. ചികിത്സാവശ്യങ്ങള്‍ക്കായി തൊഴിലുടമ ആയിരം രൂപയും അനുവദിക്കണം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വനിതകള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് മിനിമം വേതനം നിശ്ചയിക്കുന്ന ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരും.