പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം, റീബില്‍ഡ് കേരളയുടെ വാതിലിന് 4,57,000, വിവാദ ഫ്‌ളാറ്റില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം, റീബില്‍ഡ് കേരളയുടെ വാതിലിന് 4,57,000, വിവാദ ഫ്‌ളാറ്റില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

Published on

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള റീബില്‍ഡ് കേരളയുടെ ഓഫീസിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ പൊടിക്കുന്നുവെന്ന് വ്യക്തമാക്കുന്ന രേഖ പുറത്ത്. ഓഫീസിനായെടുത്ത കെട്ടിടത്തില്‍ മോടിപിടിപ്പിക്കലിനായി 88,50,000 രൂപയാണ് ചെലവഴിക്കുന്നത്. ദുരിതാശ്വാസത്തിനുള്ള പണം ആര്‍ഭാടത്തിനായി വഴിവിട്ട് ചിലവഴിക്കുകയാണെന്ന ആരോപണം ഇതോടെ ശക്തമാകുകയാണ്.

പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് പുതിയത് നിര്‍മ്മിക്കാന്‍ വെറും 4 ലക്ഷം രൂപ നല്‍കുന്ന സര്‍ക്കാര്‍ റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ ചെലഴിക്കുന്നുവെന്ന് കുറ്റപ്പെടുത്തി വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തി. ഓഫീസ് നവീകരണത്തിന്റെ ചെലവ് വ്യക്തമാക്കുന്ന രേഖകള്‍ ബല്‍റാം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഒരു പ്രത്യേകതരം ജനകീയ സര്‍ക്കാരാണ് നമ്പര്‍ വണ്‍ കേരളത്തിലേതെന്ന് പരിഹസിച്ചാണ് ബല്‍റാമിന്റെ പോസ്റ്റ്.

പ്രളയദുരിതാശ്വാസനിധിയിലെ തുകയെടുത്താണ് സര്‍ക്കാര്‍ ഓഫീസ് മോടിപിടിപ്പിക്കുന്നത്. റീ ബില്‍ഡ് കേരളയ്ക്കായി സര്‍ക്കാര്‍ വാടകയ്‌ക്കെടുത്തത് ലക്ഷ്മി നായരുടെ ഉമടസ്ഥതയിലുള്ള ഫ്‌ളാറ്റാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

പാര്‍ട്ടീഷ്യന്‍ & പാനലിംഗ് - 16,04,625

വാതിലുകള്‍ - 4,57,050

സീലിങ് & ഫ്‌ളോറിങ് - 12,12,750

ലൂസ് ഫര്‍ണിച്ചര്‍ - 18,53,500

ബില്‍റ്റ് ഇന്‍ ഫര്‍ണിച്ചര്‍ - 1,98,000

ഫിനിഷസ് - 2,74,450

ഇലക്ട്രിക്കല്‍ പാക്കേജ് - 5,50,000

എസി പാക്കേജ് - 8,80,000

മിസല്ലേനിയസ് - 4,29,000

ആകെ - 74,59,375

ജിഎസ്ടി അടക്കം - 88,50,000

റീബില്‍ഡ് കേരളയുടെ ഓഫീസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവിട്ട് കെ എം ഷാജഹാന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ലോ അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് കല്‍സാര്‍ ഹീതര്‍ ടവര്‍ എന്ന പേരില്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ചതിന് വിജിലന്‍സ് കേസ് നിലവിലുണ്ട്. റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ചേര്‍ന്നായിരുന്നു അനധികൃത നിര്‍മ്മാണം.

കേസുള്ളതിനാല്‍ ഫ്‌ളാറ്റുകള്‍ ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ ഓഫീസിനായി ഒരു നില സര്‍ക്കാര്‍ വാടകയ്‌ക്കെടുത്തത്. 5 വര്‍ഷത്തെ പാട്ടത്തിന് ലക്ഷങ്ങള്‍ വാടക നല്‍കിയാണ് സര്‍ക്കാര്‍ കെട്ടിടമെടുത്തിരിക്കുന്നതെന്നും ഷാജഹാന്‍ ആരോപിച്ചിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റില്‍ സൗകര്യമില്ലാത്തതിനാലാണ് സ്വകാര്യവ്യക്തിയുടെ കെട്ടിടം വാടകയ്‌ക്കെടുത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

logo
The Cue
www.thecue.in