മഴയുടെ ശക്തി കുറഞ്ഞു; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ട് ഇല്ല
തിങ്കളാഴ്ച സംസ്ഥാനത്തെ 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ജില്ലയിലും റെഡ് അലേര്‍ട്ട് ഇല്ല. മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിലാണിത്. കേരളത്തിന് മുകളില്‍ മേഘം മൂടിയ അവസ്ഥ മാറിവരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.ചൊവ്വാഴ്ച ഇടുക്കി, മലപ്പുറം വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്. ഇവിടങ്ങളിലെ ചില മേഖലകളില്‍ ശക്തമോയതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് അതിതീവ്ര മഴയ്ക്ക് കാരണമാകില്ലെന്നാണ് വിലയിരുത്തല്‍. ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുകയാണെങ്കില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴയുണ്ടായേക്കും. പ്രത്യേകിച്ച് മലയോര മേഖലകളില്‍. ഇത് ഉരുള്‍പൊട്ടലിന് വഴിവെച്ചേക്കാം. അതിനാല്‍ ഈ മേഖലയിലുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ മഴകുറയുകയും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ തോതില്‍ മാത്രമാണ് ഇപ്പോള്‍ പെയ്യുന്നത്.
ഇരട്ടയാര്‍, കല്ലാര്‍ ഡാമുകളുടെ ഷട്ടര്‍ അടച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയരം 50 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കുറച്ചു. ഞായറാഴ്ച വൈകീട്ട് 7 മണിവരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് മഴക്കെടുതികളില്‍ സംസ്ഥാനത്ത് 72 പേരാണ് മരിച്ചത്.58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 1639 ക്യാമ്പുകളിലായി 2,51,831 പേരാണുള്ളത്. കോഴിക്കോട്ട് 313 ക്യാമ്പുകളുണ്ട്. ഇവിടെയാണ് ഏറ്റവും കൂടുതലുള്ളത്. സംസ്ഥാനത്താകെ 286 വീടുകള്‍ പൂര്‍ണ്ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.