‘ജനസംഖ്യാ രജിസ്റ്റര്‍ നിര്‍ത്തിവച്ചു, പ്രമേയം പാസാക്കി’ ; സമാന നടപടികള്‍ പരിഗണിക്കണമെന്ന് 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്
നരേന്ദ്രമോദി സര്‍ക്കാര്‍ അവതരിപ്പിച്ച പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കണമെന്ന് 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്റെ കത്ത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍,പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവര്‍ക്കാണ് കത്തയച്ചത്.
ജനസംഖ്യാ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളം നിര്‍ത്തിവെച്ചതും നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ സംയുക്ത പ്രമേയം പാസാക്കിയതും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രമേയമുള്‍പ്പെടെ സമാന നടപടികള്‍ സ്വീകരിക്കാമെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു. ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ് ഈ കാലഘട്ടത്തിന്റെ ആവശ്യകത. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ ഒത്തൊരുമിച്ച് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാകണം.
ചരിത്രപരമായി നിരവധി വെല്ലുവിളികളെ അതിജീവിച്ചതാണ് നാനാത്വത്തില്‍ ഏകത്വമെന്ന, രാജ്യത്തിന്റെ സവിശേഷ മൂല്യം. ഇന്നത്തെ ഈ പ്രതിസന്ധി മറികടന്ന് അത് കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു. ദേശീയ പൗരത്വ രജിസ്റ്ററിനെ (എന്‍ സി ആര്‍) ക്കുറിച്ചാണ് കടുത്ത ആശങ്ക ഉയര്‍ന്നിട്ടുള്ളത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എന്‍ പി ആര്‍) പ്രവര്‍ത്തനങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുമെന്നതും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എന്‍ പി ആര്‍) പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നിര്‍ത്തി വെച്ചു.
പൗരത്വ ഭേദഗതി നിയമം നമ്മുടെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ ബാധിക്കുന്നതിലെ ആശങ്ക വ്യക്തമാകുന്ന പ്രമേയം കേരള നിയമസഭ ഡിസംബര്‍ 31 ന് പാസാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആ പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന അഭിപ്രായമുള്ള സംസ്ഥാനങ്ങള്‍ സമാനമായ നടപടികളിലേക്ക് നീങ്ങുന്നത് പരിഗണിക്കണം. അങ്ങനെയുള്ള നീക്കം പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്ററിന്റെയും വക്താക്കളുടെ കണ്ണ് തുറപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യാശ പ്രകടിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം നവവത്സരാശംസകളും നേരുന്നുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം