ബിജെപി സംസ്ഥാന പ്രസിഡന്റ് : കോര്‍ കമ്മിറ്റിയിലും സമവായമായില്ല; ഇനി കേന്ദ്രത്തിന്റെ ഊഴം; ഉയര്‍ന്ന പേരുകള്‍ ഇവയാണ്
ബിജെപി സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും സമവായമായില്ല. കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് യോഗത്തില്‍ ഉയര്‍ന്ന് വന്നത്. സമാവായമാകാത്തതിനെത്തുടര്‍ന്ന് തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടു. ആര്‍ എസ് എസിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുകയെന്ന് ദേശീയ സംഘടനാകാര്യ സെക്രട്ടറി ഡി എല്‍ സന്തോഷ് പ്രതികരിച്ചു.
പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി പോയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായിച്ച് അധ്യക്ഷനില്ലാതെയായിരുന്നു സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തിച്ചത്. പല പ്രധാന വിഷയങ്ങളും ഏറ്റെടുക്കാന്‍ ഇതിലൂടെ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. ഈ പശ്ചാത്തലത്തിലായിരുന്നു കോര്‍ കമ്മിറ്റി യോഗം. സംസ്ഥാന അധ്യക്ഷ പദവിക്ക് വേണ്ടി ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വൈകുന്നത്.
മുരളീധരപക്ഷം കെ സുരേന്ദ്രന് വേണ്ടിയും കൃഷ്ണദാസ് പക്ഷം എം ടി രമേശിനൊപ്പവും ഉറച്ചു നില്‍ക്കുകയാണ്. ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന് ഒ രാജഗോപാലുള്‍പ്പെടെയുള്ളവര്‍ നിര്‍ദേശിക്കുന്നു.
കോര്‍ കമ്മിറ്റിയിലും സമവായമാകാത്തതിനാല്‍ ഒരുസംഘത്തെ കൂടി അയച്ച് കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. ഡിസംബര്‍ പകുതിയോടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുമെന്നായിരുന്നു കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. ഈ സമയത്തിനുള്ളില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാണ് ശ്രമം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം