കോപ്പിയടി തടയാന്‍ കാര്‍ട്ടണ്‍ ബോക്‌സ് പരീക്ഷണം; ഹാവേരി കോളേജിന്റെ അംഗീകാരം റദ്ദാക്കും
കോപ്പിയടി തടയാന്‍ വിദ്യാര്‍ത്ഥികളുടെ തലയില്‍ കാര്‍ട്ടണ്‍ ബോക്‌സ് ധരിപ്പിച്ച പ്രീ യുണിവേഴ്‌സിറ്റി കോളേജിന്റെ അംഗീകാരം റദ്ദാക്കും. കര്‍ണാടക പ്രീ യുണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷ്ണറാണ് അടുത്ത അധ്യയന വര്‍ഷത്തോടെ കോളേജ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. ഹവേരിയിലെ ഭഗത് പി.യു കോളേജിനെതിരെയാണ് നടപടി.
വിദ്യാര്‍ഥികളുടെ തലയില്‍ നിര്‍ബന്ധിച്ച് കാര്‍ട്ടണ്‍ ബോക്‌സ് ധരിപ്പിച്ച സംഭവത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. രണ്ട് വരിയിലാണ് കോളേജ് സംഭവത്തിന് വിശദീകരണം നല്‍കിയത്. ജപ്പാനിലും ചൈനയിലുമെല്ലാം സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മാത്രമായിരുന്നു കോളേജിന്റെ വിശദീകരണം. കോളേജിലെ വിദ്യാര്‍ഥികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും.
കഴിഞ്ഞ ബുധനാഴ്ച അര്‍ധവാര്‍ഷിക പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കായിരുന്നു തല മൂടാന്‍ പ്രത്യേകം തയ്യാറാക്കിയ കാര്‍ട്ടണ്‍ ബോക്‌സ് നല്‍കിയത്. മുഖം വരുന്ന ഭാഗം മാത്രം ഒഴിവാക്കിയ പെട്ടികള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധപൂര്‍വം ധരിപ്പിച്ചു. കുട്ടികള്‍ മറ്റ് പേപ്പറിലേക്ക് എത്തി നോക്കുന്നത് തടയാനെന്ന് അവകാശപ്പെട്ടാണ് കോളേജ് ഇത്തരത്തില്‍ വിചിത്രമായ പരീക്ഷണം നടത്തിയത്. പെട്ടിയും തലയിലേറ്റി വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ കോളജിനെതിരെ രൂക്ഷമായ വിമര്‍ശനവും പരാതികളും ഉയരുകയായിരുന്നു.
കോളേജ് അഡ്മിനിസ്ട്രേറ്റര്‍ സതീഷാണ് കോപ്പിയടി തടയാന്‍ ഈ വിദ്യ അവതരിപ്പിച്ചത്. കാര്‍ട്ടണ്‍ ബോര്‍ഡുകള്‍ ധരിച്ചപ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടത് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടെങ്കിലും എടുത്തുമാറ്റാന്‍ അനുവദിച്ചിരുന്നില്ല. കോളേജ് തന്നെയായിരുന്നു വിദ്യാര്‍ഥികള്‍ തലയില്‍ കാര്‍ട്ടണ്‍ ബോക്‌സുകള്‍ ധരിച്ച ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം