ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോളേജ് അധ്യാപിക രാജിവെച്ചു. ജെയിന്‍ പിയു കോളേജിലെ ഇംഗ്ലീഷ് അധ്യാപിക ചാന്ദിനിയാണ് രാജിവെച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹിജാബ് ധരിച്ചാണ് കോളേജില്‍ വരുന്നതെന്നും ഇപ്പോള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ചാന്ദിനി പറയുന്നു. ആത്മാഭിമാനമുള്ളത് കൊണ്ട് രാജിവെയ്ക്കുകയാണെന്നും രാജിക്കത്തില്‍ ചാന്ദിനി പറയുന്നു.
ഹിജാബ് ധരിച്ചെത്തുന്നതില്‍ ഇതുവരെ പ്രശ്‌നമുണ്ടായിരുന്നില്ലെന്നാണ് ചാന്ദ്‌നി പറയുന്നത്. കഴിഞ്ഞ ദിവസമാണ് ഹിജാബ് ധരിക്കരുതെന്നും അഴിച്ച് മാറ്റണമെന്നും കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷമില്ലാത്ത കുഴപ്പം ഇപ്പോള്‍ എന്താണെന്നും ചാന്ദ്‌നി ചോദിക്കുന്നു.
കോളേജ് അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. ഹിജാബ് ധരിക്കരുതെന്ന് അധ്യാപികയോട് പറഞ്ഞിട്ടില്ലെന്നാണ് അധിതരുടെ വിശദീകരണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിലുള്ള പ്രതിഷേധം കര്‍ണാടകയില്‍ തുടരുകയാണ്. ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍. വിലക്കിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.