കുഞ്ഞിനെ എത്തിക്കാന്‍ എന്തുകൊണ്ട് എയര്‍ ആംബുലന്‍സ് ഇല്ല? ആരോഗ്യമന്ത്രി പറയുന്നു
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കല്‍ കോളജിലേക്ക് ഹൃദയശസ്ത്രക്രിയക്കായി യാത്ര തിരിച്ച കുഞ്ഞിന്റെ ചികിത്സ കൊച്ചിയില്‍ നടത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇതേതുടര്‍ന്ന് കുഞ്ഞിനെ കൊച്ചി ആമൃത ആശുപത്രിയിലെത്തിച്ചു. വിദഗ്ധ കാര്‍ഡിയോളജിസ്റ്റ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. ചികില്‍സയ്ക്ക് സജ്ജീകരണമൊരുക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ദ ക്യൂവിനോട് വ്യക്തമാക്കിയിരുന്നു. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ചെലവിലാണ് ശസ്ത്രക്രിയ നടത്തുന്നത്.
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം വരെ റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിന് പകരം എയര്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നില്ലേ എന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദ്യമുന്നയിക്കുന്നതിനുള്ള വിശദീകരണവും മന്ത്രി നല്‍കി. കേരളത്തിന് സ്വന്തമായി എയര്‍ ആംബുലന്‍സ് സൗകര്യം ഇല്ല. സര്‍ക്കാരിന് താങ്ങാവുന്നതിന് അപ്പുറമാണ് ഇതിന്റെ ചെലവ്. എയര്‍ ആംബുലന്‍സ് വാങ്ങേണ്ട അടിയന്തര സാഹചര്യം നിലവില്‍ ഇല്ല. ഹൈവേകളില്‍ ഉടനീളം മികച്ച ആശുപത്രികള്‍ ഉള്ളതിനാല്‍ ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്ന് രാവിലെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസര്‍കോട് സ്വദേശികളായ സാനിയ - മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് ആംബുലന്‍സില്‍ കൊണ്ടുവരുന്നത്. ആംബുലന്‍സ് ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ വഴിയൊരുക്കാനും ട്രാഫിക് നിയന്ത്രിക്കാനും നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം വിവിധ സോഷ്യല്‍ മീഡിയാ കൂട്ടായ്മകളും രംഗത്ത് വന്നിരുന്നു.