‘മോഹനന്‍ മാസ്റ്ററെ വേട്ടയാടാന്‍ അനുവദിക്കില്ല’; ഹാഷ്ടാഗ് ക്യാംപെയ്‌നുമായി യുവമോര്‍ച്ച
മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞതിന്റെ പേരില്‍ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍. മാവോയിസ്റ്റ് ജിഹാദി ഭീകരവാദ ബന്ധത്തേക്കുറിച്ച് മോഹനന്‍ മാസ്റ്റര്‍ സത്യമാണ് പറഞ്ഞതെന്ന് ബിജെപി നേതാവ് പറഞ്ഞു. മോഹനന്‍ മാസ്റ്ററെ തള്ളിപ്പറഞ്ഞ സിപിഎം കേന്ദ്രനേതൃത്വത്തിനെതിരെ പ്രതിഷേധിക്കണം. മോഹനന്‍ മാസ്റ്റര്‍ക്ക് നീതിവേണമെന്നാവശ്യപ്പെട്ട് (ജസ്റ്റിസ് ഫോര്‍ മോഹനന്‍) ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആരംഭിക്കുകയാണെന്നും സന്ദീപ് ജി വാര്യര്‍ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും മാവോയിസ്റ്റ് , മത തീവ്രവാദികള്‍ നുഴഞ്ഞു കയറിയിരിക്കുന്നു എന്ന യുവമോര്‍ച്ചയുടെ ആരോപണം ശരിവയ്ക്കുന്നതാണ് മോഹനന്‍ മാസ്റ്ററുടെ തുറന്നുപറച്ചില്‍. ഡിവൈഎഫ്‌ഐ സമ്മേളനങ്ങള്‍ കഴിഞ്ഞ് വന്ന ഭാരവാഹി ലിസ്റ്റുകള്‍ ഒന്ന് പരിശോധിച്ചാല്‍ മോഹനന്‍ മാസ്റ്ററുടെ തുറന്നുപറച്ചില്‍ യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യപ്പെടും.
സന്ദീപ് ജി വാര്യര്‍
സിപിഐഎം ബിജെപിയുടേതിന് സമാനമായ നിലപാടുകള്‍ സ്വീകരിക്കുന്നത് നില്‍ക്കക്കള്ളി ഇല്ലാതായതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ബോധോദയം ജനങ്ങളെ കബളിപ്പിക്കാനുള്ള അടവ് മാത്രമാണ്. ജനങ്ങള്‍ കൈയൊഴിഞ്ഞതുകൊണ്ടാണ് സിപിഐഎമ്മിന് ഈ മാറ്റം. ഇതൊക്കെ കമ്മ്യൂണിസ്റ്റ് നയമാണോ എന്ന് പരിശോധിക്കേണ്ടത് സിപിഐഎം തന്നെയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കോഴിക്കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെ 'ശബരിമല-മാവോയിസ്റ്റ്-ഇസ്ലാമികതീവ്രവാദ പരാമര്‍ശ വിഷയങ്ങളിലൊക്കെ ബിജെപി-ആര്‍എസ്എസ് അനുകൂല നിലപാടാണല്ലോ സിപിഐഎം സ്വീകരിക്കുന്നത്' എന്ന ചോദ്യമുയര്‍ന്നപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പി മോഹനന്‍ മാസ്റ്റര്‍ വീണ്ടും രംഗത്തെത്തി. താന്‍ ഒരു തരത്തിലും ഇസ്ലാം വിരുദ്ധ പരാമര്‍ശവും ആ പ്രസംഗത്തില്‍ നടത്തിയിട്ടില്ല. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ക്ലിപ്പുകളില്‍ തന്നെ വര്‍ഗീയ തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മിലുള്ള ബന്ധത്തെ തുറന്നു കാട്ടുകയാണ് ചെയ്തതെന്നു് കേള്‍ക്കുന്നവര്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ. തീവ്രവാദികള്‍ എന്നുള്ളത് കൊണ്ട് എന്‍ഡിഎഫിനെയും. പോപ്പുലര്‍ ഫ്രണ്ടിനെയുമാണ് ഉദ്ദേശിച്ചത്. മാവോയിസ്റ്റുകളുടെ പ്രഖ്യാപിത നിലപാടാണ് ആഗോള ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനങ്ങളുമായി വിപ്ലവ ലക്ഷ്യം പങ്കിടുക എന്നത്. അവരുടെ നേതാവ് മുന്‍പ് ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അത്തരം തീവ്രവാദ സ്വത്വഗ്രൂപ്പുകളുമായി ഐക്യപ്പെടണമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈയൊരു രാഷ്ടീയ വിമര്‍ശനമാണ് ഞാന്‍ നടത്തിയത്. കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തെ വിവാദമാക്കി, ദുഷ്ടതാല്‍പര്യത്തോടെ എന്‍ഡിഎഫ്-പോപ്പുലര്‍ ഫ്രണ്ട്, മുസ്ലിം ലീഗുകാര്‍ വിദ്വേഷ പ്രചരണം അഴിച്ചുവിടുകയാണെന്നും മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം