ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രക്ഷോഭം; ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കേന്ദ്ര മന്ത്രിയെ തടഞ്ഞുവെച്ചു
ഫീസ് വര്‍ധയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തേത്തുടര്‍ന്ന് സംഘര്‍ഷം. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാലയ്ക്ക് മുമ്പില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. ഇന്റര്‍ ഹാള്‍ അധികൃതര്‍ അംഗീകാരം നല്‍കിയ കരട് ഹോസ്റ്റല്‍ മാനുവലിനെതിരെ 15 ദിവസമായി സമരത്തിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍. ഫീസ് വര്‍ധന, ഡ്രസ് കോഡ്, കര്‍ഫ്യൂ സമയ നിബന്ധനങ്ങള്‍ എന്നിവയുള്‍പ്പെടെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ അടങ്ങിയ കരടാണ് സര്‍വ്വകലാശാല നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും കുറഞ്ഞത് 40 ശതമാനം വിദ്യാര്‍ത്ഥികളെങ്കിലും ദരിദ്ര സാഹചര്യങ്ങളില്‍ നിന്ന് വന്ന് പഠിക്കുന്നവരാണ്. അവര്‍ ഇവിടെ എങ്ങനെ പഠിക്കും?
വിദ്യാര്‍ത്ഥി
കൊണ്‍വൊക്കേഷന്‍ ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേഷ് പൊക്രിയാലിനെ തടഞ്ഞു.
ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു എത്തിയിരുന്നു. വെങ്കയ്യ നായിഡു പ്രസംഗിക്കുന്ന എഐസിടിഇ ഓഡിറ്റോറിയത്തിലേക്ക് മാര്‍ച്ച് ചെയ്യാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ആഹ്വാനം ചെയ്തു. പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞതിനേത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ജെഎന്‍യു സര്‍വ്വകലാശാല ചരിത്രത്തിലെ മൂന്നാമത് കൊണ്‍വൊക്കേഷന്‍ ചടങ്ങാണ് ഇന്ന് അധികൃതര്‍ സംഘടിപ്പിച്ചത്. 1972ല്‍ ജി പാര്‍ത്ഥസാരഥി വൈസ് ചാന്‍സലര്‍ ആയിരുന്ന കാലത്താണ് ആദ്യമായി ബിരുദദാനച്ചടങ്ങ് നടത്തിയത്. പിന്നീട് 46 വര്‍ഷങ്ങള്‍ക്ക് ശേഷം 2018ല്‍ നടത്തിയ കൊണ്‍വോക്കേഷനും വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിച്ചിരുന്നു. വിസി എം ജഗദേശ് കുമാര്‍ ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഹോസ്റ്റല്‍ മാനുവല്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. പാര്‍ത്ഥസാരഥി റോക്‌സിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും യൂണിയന്‍ ഓഫീസ് അടക്കാനുമുള്ള തീരുമാനവും സമരക്കാര്‍ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യാഴാഴ്ച്ച വിദ്യാര്‍ത്ഥികള്‍ സമരം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജെഎന്‍യു അധികൃതര്‍ രംഗത്തെത്തിയിരുന്നു. സമരം പഠനത്തെ ബാധിക്കുകയാണെന്ന് അധികൃതര്‍ ആരോപിച്ചു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം