ബിരുദ ദാനത്തിനിടെ പൗരത്വ ഭേദഗതി നിയമം കീറി പ്രതിഷേധിച്ച് ഗോള്‍ഡ് മെഡലിസ്റ്റ് ; മടങ്ങിയത് ഈന്‍ക്വിലാബ് മുഴക്കി
കൊല്‍ക്കത്തയില്‍ ബിരുദദാന ചടങ്ങിനിടെ പൗരത്വ ഭേദഗതി നിയമം കീറി പ്രതിഷേധിച്ച് ഗോള്‍ഡ് മെഡലിസ്റ്റ്. ജാദവ് പൂര്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനി ദെബ്‌സ്മിത ചൗധരിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാന്‍ വേദിയിലെത്തിയപ്പോള്‍ നിയമത്തിന്റെ പകര്‍പ്പ് കീറിയെറിഞ്ഞത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തിലെ ഗോള്‍ഡ് മെഡലിസ്റ്റാണ് ഡെബ്‌സ്മിത . ഈ അംഗീകാരം സ്വീകരിക്കുന്നതിനെടെയാണ് വിദ്യാര്‍ത്ഥി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങിയ ശേഷം നിയമത്തിന്റെ പകര്‍പ്പ് വേദിയില്‍ ഉയര്‍ത്തിക്കാണിച്ചു. തുടര്‍ന്ന് അത് കീറുകയും ഈന്‍ക്വിലാബ് സിന്ദാബാദ് എന്ന് മുഴക്കി വേദി വിടുകയുമായിരുന്നു.
ബിരുദദാനം നിര്‍വഹിക്കാനെത്തിയ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ വിദ്യാര്‍ത്ഥികളടക്കമുള്ള പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സര്‍വകാലാശാലാ ജീവനക്കാരുടെ സംഘടനയായ ശിക്ഷാ ബന്ധു സമിതിയടക്കമുള്ള സംഘടനകള്‍ ഗവര്‍ണറെ തടയാനുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ കരിങ്കൊടി കാട്ടിയിരുന്നു. നോ എന്‍.ആര്‍.സി, നോ സി.എഎ മുദ്രാവാക്യങ്ങളും ഗോ ബാക്കും മുഴക്കിയാണ് വിദ്യാര്‍ത്ഥികള്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ തടഞ്ഞത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങി.
പകരം ആളെ നിശ്ചയിച്ചായിരുന്നു ബിരുദദാനം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പൗരത്വ ഭേദഗതിക്കെതിരെ ശക്തമായ എതിര്‍പ്പുയര്‍ത്തുന്നതില്‍ ഇടഞ്ഞുനില്‍ക്കുകയാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. അതേസമയം സംഭവത്തില്‍ വൈസ് ചാന്‍സലറെ വിമര്‍ശിച്ച് ഗവര്‍ണര്‍ രംഗത്തെത്തി. സംഭവം വേദനാനജനകമാണെന്നും വിസിയുടെ മൗനാനുവാദത്തോടെയായിരുന്നു പ്രതിഷേധമെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഗോള്‍ഡ് മെഡലിസ്റ്റ് അടക്കം,പോണ്ടിച്ചേരി സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ നേരത്തേ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് അംഗീകാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങാതെ പ്രതിഷേധിച്ചിരുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം