‘ഇന്ത്യയുടെ വിഭജനത്തിന്റെ തലവന്‍, ഇനിയൊരു മോദിക്കാലം കൂടി ഇന്ത്യക്ക് താങ്ങാനാകുമോ?; ടൈം മാഗസീന്‍ കവറില്‍ വീണ്ടും മോദി

‘ഇന്ത്യയുടെ വിഭജനത്തിന്റെ തലവന്‍, ഇനിയൊരു മോദിക്കാലം കൂടി ഇന്ത്യക്ക് താങ്ങാനാകുമോ?; ടൈം മാഗസീന്‍ കവറില്‍ വീണ്ടും മോദി

Published on

ടൈം മാഗസീന്‍ കവറില്‍ 'ഇന്ത്യയുടെ വിഭജനത്തിന്റെ തലവന്‍' എന്ന തലക്കെട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടംപിടിച്ചത്. ഒപ്പം മോദിയുടെ കാരിക്കേച്ചറും. അമേരിക്കന്‍ വാര്‍ത്താ മാഗസീന്റെ മേയ് 20 പതിപ്പിലാണ് കാവിരാഷ്ട്രീയത്തിന്റെ മുഖമടച്ചുള്ള അടിയാകുന്ന കവര്‍ തലക്കെട്ടും റിപ്പോര്‍ട്ടും. ആതിഷ് തസീര്‍ എഴുതിയ റിപ്പോര്‍ട്ടിന്റ് തലക്കെട്ട് ഇങ്ങനെ.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് ഇനിയും മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം കൂടി താങ്ങാനാകുമോ?.

മോദിയും ബിജെപിയും തരാതരത്തിന് പഴി പറയുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മതനിരപേക്ഷ ആശയവും മോദിയുടെ കീഴിലുള്ള രാജ്യത്തെ അരാജക അവസ്ഥയുമാണ് റിപ്പോര്‍ട്ട് താരതമ്യം ചെയ്യുന്നത്. ഇന്ത്യയിലെ ഹിന്ദു- മുസ്ലീം വിഭാഗങ്ങള്‍ക്ക് ഇടയില്‍ സാഹോദര്യ അന്തരീക്ഷം ശക്തിപ്പെടുത്താനുള്ള ഒരാഗ്രവും മോദി ഇക്കാലമത്രയും പ്രകടിപ്പിച്ചിട്ടില്ല. പകരം എങ്ങനെ വിഷയം വഷളാക്കാമെന്നാണ് മോദി ഈ കാലമത്രയും നോക്കിയതെന്ന് ലേഖനം പറയുന്നു.

ഗുജറാത്തില്‍ മോദി ഭരണകാലത്ത് അരങ്ങേറിയ വംശീയ കലാപവും അതില്‍ കൊല്ലപ്പെട്ട ഒട്ടനവധി ജനങ്ങളേയും ആതിഷ് തസീര്‍ റിപ്പോര്‍ട്ടില്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. റിപ്പോര്‍ട്ട് തുടങ്ങുന്നത് ഇങ്ങനെ.

ബൃഹത്തായ ജനാധിപത്യ ഭരണത്തില്‍ നിന്ന് പോപ്പുലിസത്തിലേക്ക് വീണ രാജ്യങ്ങളില്‍ ആദ്യത്തേത് ഇന്ത്യയാണ്.

30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ഹിന്ദു ദേശീയത പറയുന്ന ബിജെപിയുടെ നേതാവായി ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി 2014ല്‍ അധികാരത്തില്‍ വന്നു. അന്നുവരെ രാജ്യം പ്രധാനമായും ഭരിച്ചിരുന്നത് ഒരു പാര്‍ട്ടിയാണ്- കോണ്‍ഗ്രസ്, ഇന്ദിരാ ഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും പാര്‍ട്ടി. സ്വാതന്ത്ര്വം നേടിയതിന് ശേഷമുള്ള 67 വര്‍ഷത്തില്‍ 54ലും ഭരിച്ചത് കോണ്‍ഗ്രസായിരുന്നു. ഇപ്പോള്‍ ഇന്ത്യ വോട്ട് ചെയ്യുകയാണ് അതിന്റെ വിധി ബിജെപിയും മോദിയും നിശ്ചയിക്കുന്നതു പോലെ തുടരണോയെന്ന്.

ഈ ആമുഖത്തോടെയാണ് ടൈം മാഗസീന്റെ റിപ്പോര്‍ട്ട് മോദിക്കാലത്തെ വിലയിരുത്തുന്നത്. മോദി കഥയുടെ ആദ്യ ഘട്ടത്തിലേക്ക് പോയാലേ എന്തു കൊണ്ട് മോദിയുടെ കടന്നുവരവ് ഒരു അനിവര്യതതയും അതേപോലെ ഇന്ത്യക്ക് അത്യാപത്തുമായെന്ന് മനസിലാക്കാനാകുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

1947ല്‍ ബ്രിട്ടീഷ് ഇന്ത്യ രണ്ടായത് മുതല്‍ വിഭജനത്തിന്റെ കഥപറയുന്നുണ്ട് ടൈം. പാകിസ്താന്‍ മുസ്ലിങ്ങള്‍ക്കുള്ള രാജ്യമായപ്പോള്‍ കേംബ്രിഡ്ജില്‍ നിന്ന് പഠിച്ചിറങ്ങിയ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്‌റു ഹിന്ദു രാഷ്ട്രമായി നിലകൊള്ളാന്‍ തയ്യാറായില്ല. പുതിയതായി സ്വാതന്ത്ര്വം നേടിയ രാജ്യത്തിന് നെഹ്‌റുവിന്റെ ആശയം നല്‍കിയത് മതനിരപേക്ഷതയായിരുന്നു. ആ മതനിരപേക്ഷതയ്ക്ക് മോദിക്കാലത്ത് എന്തുസംഭവിച്ചെന്നും എങ്ങനെയാണ് മോദിയിലേക്ക് ഇന്ത്യ മാറിയതെന്നും ടൈം ലേഖനത്തില്‍ വരച്ചിടുന്നു.

വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മോദിയുടെ ഭാഗ്യം ദുര്‍ബലമായ പ്രതിപക്ഷമാണെന്നാണ് ടൈം പറയുന്നത്. 2014ലെ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത മോദിക്ക് ഇന്ത്യ രണ്ടാമത് അവസരം കൊടുക്കോമെയെന്ന് ചോദിക്കുന്ന ലേഖകന്‍ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെ.

ഇന്ത്യ അവളുടെ പരിമിതിയില്‍ നിന്ന് രണ്ടാമതൊരു അവസരം കൂടി മോദിക്ക് കൊടുക്കുകയാണെങ്കില്‍, തന്റെ തോല്‍വികള്‍ക്ക് അയാള്‍ ലോകത്തെ എങ്ങനെയാണ് ഇനിയും ശിക്ഷിക്കുക എന്ന് ആലോചിച്ച് ഞെട്ടുകയല്ലാതെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല.

നേരത്തേയും മോദിക്കെതിരെ വിമര്‍ശനാത്മക ലേഖനങ്ങള്‍ ടൈം പ്രസിദ്ധീകരിച്ചിരുന്നു. 2012ലെ ലേഖനത്തില്‍ വിവാദനായകനായും കൗശലക്കാരനും കുടിലത നിറഞ്ഞ രാഷ്ട്രീയക്കാരനുമായാണ് ടൈം മോദിയെ വിശേഷിപ്പിച്ചത്.

logo
The Cue
www.thecue.in