ബാക്ടീരിയയെ തടയുമെന്ന സാക്ഷ്യം, ഏഷ്യന്‍ പെയിന്റ് പരസ്യത്തില്‍ ഐ എം എ വിവാദത്തില്‍   

ബാക്ടീരിയയെ തടയുമെന്ന സാക്ഷ്യം, ഏഷ്യന്‍ പെയിന്റ് പരസ്യത്തില്‍ ഐ എം എ വിവാദത്തില്‍   

ബാക്ടീരിയെ നശിപ്പിക്കുന്ന പെയിന്റെന്ന സാക്ഷ്യപ്പെടുത്തലിലാണ് വിമര്‍ശനം 
Published on

ഏഷ്യന്‍ പെയിന്റിന്റെ പുതിയ പരസ്യത്തില്‍ ചുവരിലെ 99 ശതമാനം ബാക്ടീരിയകളും വളരുന്നത് തടയുന്നുവെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അംഗീകാരമുള്ള പെയിന്റാണെന്നും ഉപയോഗിക്കുന്നതില്‍ പ്രതിഷേധം. നേരത്തെ പെപ്‌സി കമ്പനിയുമായി ഐ എം എ കരാറില്‍ ഏര്‍പ്പെട്ടത് വിവാദമായിരുന്നു. ആന്റി ബാക്ടീരിയല്‍ പെയിന്റ് എന്ന അവകാശവാദത്തോടെയാണ് ഏഷ്യന്‍ പെയിന്റിന്റെ പരസ്യം. സില്‍വര്‍ അയേണ്‍ ടെക്‌നോളജി ഉപയോഗിച്ച ഇന്ത്യയിലെ ആദ്യത്തെ പെയിന്റാണെന്നും പരസ്യത്തില്‍ പറയുന്നു.

എന്നാല്‍ ഈ പരസ്യത്തിനെതിരെ ഐ എം എ കേരള ഘടകത്തില്‍ പ്രതിഷേധം ഉയരുകയാണ്. ഉല്‍പ്പന്നങ്ങളെ സാക്ഷ്യപ്പെടുത്തലല്ല ഐ എം എയുടെ പണിയെന്നാണ് വിമര്‍ശനം. മെയ് 26ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇത് ചര്‍ച്ചയാക്കാനാണ് ഒരുവിഭാഗം ഡോക്ടര്‍മാരുടെ തീരുമാനം. ശക്തമായ വിയോജിപ്പ് അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നാഷണല്‍ ഐ എം എയുടെ പരസ്യമാണ്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പരസ്യത്തിന്റെ ട്രാന്‍സലേഷനാണ് മലയാളത്തില്‍ വന്നിരിക്കുന്നത്. ദേശീയ നേതൃത്വമാണ് ഇതില്‍ മറുപടി പറയേണ്ടത്. 

സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ സുല്‍ഫി എന്‍ 

പരസ്യത്തിനെതിരെ ദേശീയ നേതൃത്വത്തിന് തന്നെ പരാതി നല്‍കാനാണ് ഒരുവിഭാഗം ഡോക്ടര്‍മാരുടെ തീരുമാനം. മെഡിക്കല്‍ കൗണ്‍സിനും പരാതി നല്‍കും.

ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ 2008 ല്‍ പെപ്‌സി കമ്പനിയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കരാറുണ്ടാക്കിയത് വിവാദമായിരുന്നു. പെപ്‌സിയുടെ സ്‌നാക്‌സ് വിഭാഗമായ ഫ്രേിട്ടോലെയുമായി മൂന്ന് വര്‍ഷത്തെ ധാരണാപത്രത്തിലായിരുന്നു ഐ എം എ ഒപ്പുവെച്ചത്. പെപ്‌സിയുടെ ജ്യൂസ്, ഓട്ട്‌സ് ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഐ എം എ അംഗീകരിച്ചത് എന്ന വാചകം ഉള്‍പ്പെടുത്താനും ധാരണയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ അന്ന് ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

logo
The Cue
www.thecue.in