ജോളി പിടിക്കപ്പെട്ടത് നന്നായി, വഴക്കുണ്ടാക്കിയിരുന്നെങ്കില്‍ താനും കൊല്ലപ്പെടുമായിരുന്നുവെന്ന് ഷാജു
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് രണ്ടാം ഭര്‍ത്താവ് ഷാജു. തനിക്കെതിരെ മൊഴി നല്‍കുന്നത് ഇതിന്റെ ഭാഗമാണ്. ജോളി ഇപ്പോഴെങ്കിലും പിടിക്കപ്പെട്ടത് നന്നായി. ഇല്ലായിരുന്നെങ്കില്‍ താനിക്കും അപായം സംഭവിച്ചേനെ. അത്തരമൊരു സാധ്യത തള്ളിക്കളയാനാകില്ല. അസാധാരണ വ്യക്തിത്വമാണ് ജോളി. അവരുമായി താന്‍ ഏറ്റുമുട്ടലിന് പോയിരുന്നില്ല. വഴക്കുണ്ടാക്കാതിരുന്നത് സേഫ്റ്റി വാല്‍വായെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും ഷാജു പറഞ്ഞു.
തങ്ങള്‍ക്കിടയില്‍ സ്‌നേഹം നഷ്ടപ്പെട്ടിരുന്നു.വഴക്കുണ്ടാക്കുക,പിരിയുക എന്നീ സാധ്യകളാണുണ്ടായിരുന്നത്. എന്തോ ഭാഗ്യത്തിന് ജോളിയെ അവളുടെ പാട്ടിന് വിട്ടു. എല്ലാം കണ്ട് വിടുക മാത്രമാണ് ചെയ്തത്. ഇത് എവിടെയെങ്കിലും ചെന്നിടിച്ച് അവസാനിക്കുമെന്ന് അറിയാമായിരുന്നുവെന്നും തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഷാജു ന്യൂസ് 18 കേരളത്തോട് വെളിപ്പെടുത്തി. അടുത്തതായി ജോളിയുടെ ഇര താനടക്കം ആരുമാകാമായിരുന്നു. റോയിയുടെ സഹോദരി റെഞ്ജി അവരുടെ അനുഭവമാണ് പറഞ്ഞത്.
സിലിക്ക് താന്‍ അന്ത്യ ചുംബനം നല്‍കുമ്പോള്‍ ജോളി അതിബുദ്ധി കാണിക്കുകയായിരുന്നു. ഞാന്‍ ചുംബനം നല്‍കുമ്പോള്‍ തന്നെ ജോളിയും അങ്ങനെ ചെയ്തു. ഞങ്ങള്‍ ഒരുമിച്ച് അന്ത്യചുംബനം നല്‍കിയ പോലെയായി. ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലാണെന്ന് തോന്നിപ്പിക്കാന്‍ വേണ്ടിയുള്ള നീക്കമായിരുന്നു അത്. എന്നാല്‍ അപ്പോഴൊന്നും ഞങ്ങളുടെ കല്യാണം സംബന്ധിച്ച് ഒരു ചര്‍ച്ചയുമുണ്ടായിട്ടില്ല. രണ്ട് മാസം കഴിഞ്ഞിട്ടാണ് ജോളി വിവാഹക്കാര്യം ചര്‍ച്ച ചെയ്യാന്‍ വന്നത്.
എന്നാല്‍ അതിനും മുന്‍പേ ജോളി മുന്‍കൂര്‍ പ്ലാന്‍ ഒരുക്കി. അവരുമായി നേരത്തേ ഫോണ്‍ ബന്ധം പോലുമുണ്ടായിട്ടില്ല. ജോളിയുടെ മകനും തന്റെ മകനും ഒരേ ക്ലാസിലായിരുന്നു. അത്തരത്തില്‍ അവിടെ പോകാറുണ്ടായിരുന്നു. കുടുംബപരമായ ആവശ്യങ്ങളുണ്ടാകുമ്പോഴും പോകാറുണ്ടായിരുന്നു. ജോളി തനിച്ച് കുടുങ്ങേണ്ടെന്ന് കരുതിയാകും അവരുടെ മകന്‍ തനിക്കെതിരെ മൊഴി നല്‍കിയതെന്നും ഷാജു പറഞ്ഞു.