ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഒറ്റയ്ക്കാക്കില്ലെന്ന് പറഞ്ഞു, ബില്‍ക്കിസ് ബാനുവിനൊപ്പം നീതിക്കായി ഉറച്ചുനിന്ന 17 വര്‍ഷം
എല്ലാ ഭര്‍ത്താക്കന്മാരും എന്നെപോലെ ആവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സമൂഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ തളരാതിരിക്കുക. ഇരകളാക്കപ്പെട്ട ഭാര്യമാര്‍ക്കൊപ്പം നില്‍ക്കുക, പ്രത്യേകിച്ച് കൂട്ടബലാത്സംഗം പോലെ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഇരയായവര്‍ക്കൊപ്പം.
ദ സിറ്റിസന് നല്‍കിയ അഭിമുഖത്തില്‍ ബില്‍ക്കിസ് ബാനുവിന്റെ ഭര്‍ത്താവ് യാക്കൂബ് പട്ടേല്‍ പറഞ്ഞ വാക്കുകളാണിത്. 2002-ല്‍ ഗുജറാത്ത് കലാപത്തില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് റസൂല്‍ ബാനുവിന്റെ ഭര്‍ത്താവാണ് യാക്കൂബ് പട്ടേല്‍. 45 വയസുകാരനായ യാക്കൂബ് 2002 മുതല്‍ നീതിക്കായി നിയമപോരാട്ടം നടത്തുന്ന ബില്‍ക്കിസ് ബാനുവിന്റെ ശക്തിസ്രോതസാണ്. ഗുജറാത്ത് വംശഹത്യയുടെ ഇരയായ ബില്‍ക്കിസ് ബാനുവിന് 17 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചത്.
സമൂഹത്തിനു മുന്നില്‍ തളരാതെ തന്റെ ഭാര്യയുടെ കൂടെ നിന്ന യാക്കൂബിന്റെ മനസ്സും ധൈര്യവും നമ്മുടെ നാട്ടിലെ പാട്രിയാര്‍ക്കല്‍ ബോധ്യങ്ങളെ തച്ചുടച്ചതാണ്. കൂട്ടബലാല്‍സംഗത്തിനിരയായവളോട് സമൂഹം ഉയര്‍ത്തുന്ന ചുഴിഞ്ഞുനോട്ടങ്ങളോട് പോരാടിയാണ് 17 വര്‍ഷം യാക്കൂബ് പട്ടേല്‍ ബില്‍ക്കിസ് ബാനുവിനൊപ്പം നടന്നുനീങ്ങിയത്.
17 വര്‍ഷം, ബില്‍ക്കിസ് ബാനുവിന്റെ കൂടെ യാക്കൂബ് പോരാട്ടം തുടങ്ങിയിട്ട്, ഇക്കാലമത്രയും ഒരു നിഴല്‍ പോലെ അയാള്‍ ഭാര്യയുടെ ഒപ്പം നിന്നു. ഭാര്യയ്ക്കും പങ്കാളിക്കുമപ്പുറം നീതിക്കായി പോരാടുന്ന രണ്ട് സഖാക്കളായിരുന്നു അവര്‍. ഒരുമിച്ചായിരുന്നു ആ പോരാട്ടം.
1998ല്‍ ഗുജറാത്തിലെ ഗോധ്രയിലായിരുന്നു യാക്കൂബും ബില്‍ക്കിസ് ബാനുവും വിവാഹിതരായത്. വിവാഹജീവിതം സന്തോഷപൂര്‍വം ഒരു കുഞ്ഞിനൊപ്പം മുന്നോട്ടുപോകുമ്പോളാണ് നരേന്ദ്ര മോഡി ഭരിക്കുന്ന ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്. മറ്റൊരു കുഞ്ഞിനെ കാത്തിരിക്കുമ്പോഴാണ് മനസ്സില്‍ മായാത്ത പാടായി ബില്‍ക്കിസിന്റെ ജീവിതത്തില്‍ ഗുജറാത്ത് കലാപത്തിന്റെ വംശവെറി ആഴ്ന്നിറങ്ങിയത്.
ഞങ്ങള്‍ ഒരു സന്തുഷ്ട കുടുംബമായിരുന്നു. ഒരു കുട്ടിയുണ്ടായിരുന്നു, ഒരാളെ കൂടി ഞാനും ബില്‍ക്കിസും പ്രതീക്ഷിക്കുകയായിരുന്നു. അപ്പോഴാണൊരു കൊടുങ്കാറ്റ് ഞങ്ങളുടെ ജീവിതം തച്ചുതകര്‍ത്തത്. 2002ല്‍ പൊട്ടിപ്പുറപ്പെട്ട ആ കലാപം ഞങ്ങളുടെ സ്വപ്‌നങ്ങളെല്ലാം കവര്‍ന്നെടുത്തു. അത് കടന്നുപോയത് ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ മനസിലേല്‍പ്പിച്ചാണ്, ഇപ്പോഴും മായാത്ത പാടുകള്‍ അവശേഷിപ്പിച്ച്.
യാക്കൂബ് പട്ടേല്‍
വിതുമ്പലോടെ യാക്കൂബ് 2002ലെ മാര്‍ച്ച് മൂന്ന് ഓര്‍ക്കുന്നു. രന്ദിക്പുര്‍ എന്ന സ്വന്തം ഗ്രാമത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കവെയാണ് ബില്‍ക്കിസ് ബാനുവും കുടുംബവും ആക്രമിക്കപ്പെടുന്നത്.
ഒരു ട്രക്കില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുമ്പോഴാണ് ജയ് ശ്രീരാം വിളികളോടെ ആര്‍ത്തലച്ചു വന്ന ഒരു കൂട്ടം ആള്‍കാര്‍ ട്രക്കില്‍ ഉണ്ടായിരുന്ന 14 പേരെ കൊന്ന് അഞ്ചുമാസം ഗര്‍ഭിണിയായ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുന്നത്. തന്റെ കുഞ്ഞിനെ അവര്‍ എറിഞ്ഞുകൊന്നും എന്ന് നിറഞ്ഞ കണ്ണുകളോടെ ബില്‍ക്കിസ് പറയാന്‍ ശ്രമിച്ചു. വിവസ്ത്രയാക്കിയ ബാനുവിനെ അവര്‍ മലമുകളില്‍ ഉപേക്ഷിച്ചു.
ഞങ്ങളെല്ലാം ജീവന് വേണ്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഞങ്ങളുടെ മൂന്ന് വയസുണ്ടായിരുന്ന മകള്‍ സലേഹയെ പോലും ആ ആള്‍ക്കൂട്ടം വെറുതെ വിട്ടില്ല.ഒരു കല്ലിലേക്ക് എറിഞ്ഞ് അവളുടെ തലതകര്‍ത്തു. ബില്‍ക്കിസിനെ കൂട്ടബലാല്‍സംഗം ചെയ്ത് മരിക്കാന്‍ വിട്ടു. ദിവസങ്ങളോളം അവരെ കുറിച്ച് വിവരമില്ലാതെ വന്നപ്പോള്‍ എല്ലാവരും മരിച്ചുവെന്ന് എനിക്ക് മനസിലായി. നികത്താനാവാത്ത നഷ്ടത്തില്‍ മനസിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ദിവസങ്ങള്‍ക് ശേഷമാണ് ഞാന്‍ ഒരു പത്രത്തില്‍ ബില്‍ക്കിസ് ബാനു എന്ന് പേരുള്ള ഒരു സ്ത്രീ ഒരു ക്യാമ്പില്‍ കഴിയുന്നു എന്ന് വായിച്ചത് അപ്പോള്‍ തന്നെ അവിടേക്ക് കുതിക്കുകയായിരുന്നു.
ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ബില്‍ക്കിസിനോട് അവളെ ഒരിക്കലും തനിച്ചാക്കില്ലെന്നും ഒരു പ്രതിസന്ധിയിലും ഒറ്റയ്ക്കാക്കില്ലെന്നും വാക്ക് നല്‍കിയെന്നും യാക്കൂബ് പറയുന്നു. ഇനിയുള്ള പോരാട്ടത്തില്‍ ഒന്നിച്ചുണ്ടാവുമെന്ന് ബില്‍ക്കിസിന് ഉറപ്പേകി. അന്ന് താന്‍ തളര്‍ന്നു പോയിരുന്നെങ്കില്‍ 17 വര്‍ഷത്തിന് ശേഷം ഈ ജയം തനിക്ക് കാണാന്‍ കഴിയില്ലായിരുന്നെന്നും യാക്കൂബ് കൂട്ടിച്ചേര്‍ത്തു.
കൊലയാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഗുജറാത്തിലെ ഭരണകൂടത്തിനും സംവിധാനത്തോടുമായിരുന്നു അവരുടെ പോരാട്ടം. ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും അനുവദിക്കാത്തവരോട് തളരാതെ പോരാടി നേടിയതാണ് ഈ വിജയം. കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ സ്വയരക്ഷക്കായി അവര്‍ വീടുകള്‍ മാറിക്കൊണ്ടിരുന്നു. ഒരു ജോലിയില്ലായിരുന്നു. കുടുംബത്തിലെ ശേഷിക്കുന്നവരെ നിലനിര്‍ത്താന്‍ യാക്കൂബ് കൂലിപ്പണിക്ക് പോയി.വൈകാരികമായും സാമ്പത്തികമായും മാത്രമല്ല ഇത്രയും വര്‍ഷങ്ങള്‍ അവര്‍ അനുഭവിച്ചത് അതിലും എത്രയോ മേലെയാണ്.
എന്താണ് പ്രചോദനം എന്ന ചോദ്യത്തിന് അസാധാരണമായി താന്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നായിരുന്നു യാക്കൂബിന്റെ മറുപടി.
ഞാന്‍ എന്റെ ജീവിതത്തിലെ സ്ത്രീയുടെ കൂടെ നിന്നു, എന്നും കൂടെയുണ്ടായിരിക്കുമെന്ന് വാക്കുകൊടുത്തവള്‍ക്കൊപ്പം ഉറച്ചുനിന്നും. ഒരു കുറ്റകൃത്യത്തിന് ഇരയായതില്‍ അവളെ ഞാന്‍ ഉപേക്ഷിക്കേണ്ട കാര്യമെന്താണ്? ഏതൊരു പുരുഷനാണോ അത്തരമൊരവസ്ഥയില്‍ അവളെ ഉപേക്ഷിക്കുന്നത് അവന്‍ ഭീരുവാണ്, ഞാന്‍ അങ്ങനൊരാള്‍ അല്ല.
യാക്കൂബ് പട്ടേല്‍
ഗുജറാത്തിലേക്ക് തിരിച്ചുപോകാന്‍ ആണ് ഇനി യാക്കൂബിന്റെയും ബില്‍ക്കിസിന്റെയും പദ്ധതി. തനിക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലെങ്കിലും ബില്‍ക്കിസിന്റെ കൂടെ പുതിയ ഒരു ജീവിതം തുടങ്ങണം എന്ന ആഗ്രഹം യാക്കൂബ് പങ്കുവെച്ചു. മകളെ ഒരു വക്കീല്‍ ആക്കണമെന്നാണ് ആഗ്രഹം. ക്രൂരമായ കൂട്ടബലാല്‍സംഗത്തിന് ഇരയാകുമ്പോഴും ബില്‍ക്കിസിന്റെ വയറ്റില്‍ അഞ്ചാം മാസത്തില്‍ ജീവന്‍ മുറുകെ പിടിച്ചവള്‍ പോരാടിയാണ് പുറത്തെത്തിയത്. ഇതൊരു പുതിയ തുടക്കം ആകുമെന്നാണ് യാക്കൂബും ബില്‍ക്കിസും പ്രതീക്ഷിക്കുന്നത്. തങ്ങളെപ്പോലെ നീതിക്ക് വേണ്ടി പൊരുതുന്ന ഒരുപാടുപേരുണ്ട് അവരുടെ കൂടെ നില്‍ക്കണമെന്നാണ് തീരുമാനം. ബലാത്സംഗത്തിനിരയായവരുടെ കൂടെ അവര്‍ക്ക് കരുത്തായി നില്‍ക്കണമെന്ന് ബില്‍ക്കിസ് ശങ്കയില്ലാതെ പറഞ്ഞുനിര്‍ത്തുന്നു.