‘രാഹുലിനെ അവന്റെ അച്ഛനും അമ്മയ്ക്കും മുമ്പേ കയ്യിലെടുത്തത് ഞാനാണ്’; ഈ വയനാടന്‍ നഴ്‌സിന് പറയാനുണ്ട് 48 കൊല്ലം മുമ്പത്തെ കഥ 
ഫോട്ടോ കടപ്പാട്: ഔട്ട്‌ലുക്ക്‌ 

‘രാഹുലിനെ അവന്റെ അച്ഛനും അമ്മയ്ക്കും മുമ്പേ കയ്യിലെടുത്തത് ഞാനാണ്’; ഈ വയനാടന്‍ നഴ്‌സിന് പറയാനുണ്ട് 48 കൊല്ലം മുമ്പത്തെ കഥ 

Published on
എന്റെ ‘പേരക്കുട്ടി’ക്ക് അല്ലെങ്കില്‍ മറ്റാര്‍ക്കാണെന്റെ വോട്ട് നല്‍കുക’.

48 കൊല്ലം മുമ്പ് ഡല്‍ഹിയിലെ ആശുപത്രിയിലെ ലേബര്‍ റൂമില്‍ താന്‍ കയ്യിലേറ്റു വാങ്ങിയ 'കുഞ്ഞു ഗാന്ധി' തന്റെ നാട്ടില്‍ സ്ഥാനാര്‍ത്ഥിയായതിന്റെ അത്ഭുതത്തിലാണ് ഇപ്പോളും നഴ്‌സ് രാജമ്മ വാവത്തില്‍. ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ രാഹുല്‍ ഗാന്ധി പിറന്നിവീഴുമ്പോള്‍ അവിടുത്തെ ലേബര്‍ റൂമിലെ ഡ്യൂട്ടിയിലായിരുന്നു വയനാട്ടുകാരി രാജമ്മ. പ്രധാനമന്ത്രിയുടെ പൗത്രനെ കയ്യിലെടുക്കാന്‍ കിട്ടിയ അവസരം നിധി പോലെ ഓമനിക്കുന്നവര്‍ക്ക് 48 വര്‍ഷത്തിന് ശേഷം അതിലേറെ സന്തോഷം നല്‍കിയത് അതേ രാഹുല്‍ ഗാന്ധിക്ക് സ്വന്തം നാട്ടില്‍ വോട്ടുചെയ്യാനായി എന്നതാണ്.

72 വയസുകാരി രാജമ്മ വാവത്തില്‍ നഴ്‌സായി വിരമിച്ച് നാട്ടില്‍ വിശ്രമ ജീവിതത്തിലാണ്. വയനാട്ടില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയതോടെ പഴയ ഓര്‍മ്മകളുടെ തിളക്കത്തില്‍ രാഹുലിനെ കണ്ട് സംസാരിക്കണമെന്ന ആഗ്രഹത്തിലാണ് രാഹുലിനെ ആദ്യം കൈകളിലെടുത്തവരില്‍ ഒരാളായിരുന്ന ഈ നഴ്‌സ്. സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല വയനാട്ടില്‍ രാഹുലിനായി വോട്ട് ചെയ്യാനാകുമെന്ന്. സോണിയ ഗാന്ധിയെ ലേബര്‍ റൂമില്‍ പരിചരിക്കുമ്പോള്‍ 23 വയസായിരുന്നു രാജമ്മയ്ക്ക്. ഔട്ട് ലുക്കിന് വേണ്ടി പ്രീതാ നായരാണ് രാജമ്മ വാവത്തിലിന്റെ അഭിമുഖമെടുത്തത്.

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1970 ജൂണ്‍ 19ന് ആണ് ഗാന്ധി കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തിയത്. പ്രധാനമന്ത്രിയുടെ പേരക്കുട്ടിയെ സ്വീകരിക്കാനുള്ള ആവേശം നിങ്ങള്‍ക്ക് ഊഹിക്കാം. ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയിലെ എല്ലാവരും ആ ഉത്സാഹത്തിലായിരുന്നു. രാഹുല്‍ ഓമനത്തം തുളുമ്പുന്ന മിടുക്കന്‍ കുട്ടിയായിരുന്നു. അവന്റെ മാതാപിതാക്കള്‍ കാണുകയും എടുക്കുകയും ചെയ്യും മുമ്പേ ഞങ്ങളാണ് അവനെ എടുത്തതും കണ്ടതും. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരക്കുട്ടിയെ കയ്യിലെടുക്കാന്‍ ഡ്യൂട്ടിയിലുള്ള എല്ലാവരും ഊഴംകാത്തുനില്‍ക്കുകയായിരുന്നു.

രാജമ്മ വാവത്തില്‍, നഴ്‌സ്

ചികില്‍സയിലുള്ളത് ഒരു സെലിബ്രിറ്റിയായിരുന്നിട്ടും ആശുപത്രി ചട്ടങ്ങളെ ബാധിക്കുന്ന തരത്തില്‍ സോണിയ ഗാന്ധിക്ക് പ്രത്യേക സുരക്ഷയൊന്നും ഗാന്ധി കുടുംബം ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും അവര്‍ പറയുന്നു. സോണിയ ഗാന്ധിയുടേത് സുഖപ്രസവമായിരുന്നെന്നും പരിചരിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന പ്രത്യേക ടീമുണ്ടായിരുന്നെന്നും രാജമ്മ പറയുന്നു.

സോണിയ ഗാന്ധിയെ ലേബര്‍ റൂമില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ പുറത്ത് രാജീവ് ഗാന്ധിക്കൊപ്പം സഞ്ജയ് ഗാന്ധിയും കാത്തുനിന്നിരുന്നെന്നും രാജമ്മ ഓര്‍ത്തെടുക്കുന്നു. ലേബര്‍ റൂമില്‍ ആശുപത്രി അധികൃതര്‍ പ്രവേശനം അനുവദിച്ചിരുന്നെങ്കിലും ഇരുവരും പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. പാട്‌ന സന്ദര്‍ശനത്തിലായിരുന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മൂന്ന് ദിവസത്തിന് ശേഷമാണ് പേരക്കുട്ടിയെ കാണാനെത്തിയതെന്നും ആശുപത്രി ചട്ടങ്ങളൊന്നും തെറ്റിക്കാതെയാണ് അവര്‍ കുട്ടിയെ കണ്ട് മടങ്ങിയത്.

1987ല്‍ അഹമ്മദാബാദില്‍ ആര്‍മിക്ക് വേണ്ടി പ്രവര്‍ത്തിച്ച ശേഷം വിരമിച്ച് നാട്ടിലെത്തിയ രാജമ്മയ്ക്ക് രാഹുല്‍ ഗാന്ധി തന്റെ നാട്ടില്‍ മല്‍സരിക്കാനെത്തിയതിന്റെ സന്തോഷം എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല. രാഹുല്‍# ഗാന്ധിയെ തന്റെ പേരക്കുട്ടിയെന്നാണ് അവര്‍ വിശേഷിപ്പിച്ചത്. രാഹുലിനാണോ വോട്ട് ചെയ്തതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ.

എന്റെ ‘പേരക്കുട്ടി’ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ പിന്നാര്‍ക്കാണ് ഞാന്‍ വോട്ട് ചെയ്യുക?.

എത്രയും വേഗം രാഹുലിനെ കാണാനാണ് രാജമ്മയുടെ ഇപ്പോഴത്തെ ആഗ്രഹം. ഒരുപാട് കഥകള്‍ പങ്കുവെയ്ക്കാനുണ്ട്. അവന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും പറയാനാവാത്ത കഥകളാണത്. എങ്ങനെയാണ് ജനനമെന്നും ആരെയാണ് കണ്ണുതുറന്നപ്പോള്‍ കണ്ടതെന്നും തങ്ങളെങ്ങനെയാണ് പ്രധാനമന്ത്രിയുടെ പേരക്കുട്ടിയെ പരിചരിച്ചതെന്നുമെല്ലാം പറയണമെന്നാണ് രാജമ്മയുടെ ആഗ്രഹം.

72 വയസുകാരി നഴ്‌സിന് രാഹുല്‍ വയനാട് നിന്ന് ജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അടുത്ത പ്രധാനമന്ത്രിയായി രാഹുലിനെ കാണാനാണ് പ്രാര്‍ത്ഥന മുഴുവന്‍.

രാഹുലിനെ ആദ്യമായി കാണുമ്പോള്‍ ഒരാവശ്യവും ഉന്നയിക്കില്ല പകരം ഞാനവനെ കയ്യിലെടുത്ത കാര്യം അറിയിക്കും. രണ്ടാമതൊരിക്കല്‍ കൂടി കാണാനാകുമെങ്കില്‍ വയനാടിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പറയാന്‍ ശ്രമിക്കും.

വാർത്തയും റിപ്പോർട്ടും ഔട്ട് ലുക്കിൽ പ്രസിദ്ധീകരിച്ചത്.

ഫോട്ടോ കടപ്പാട്: ഔട്ട്‌ലുക്ക്‌

logo
The Cue
www.thecue.in