ശാന്തിവനത്തില്‍ തിരുത്തലിന് ഒരാഴ്ചയനുവദിച്ച് ഹൈക്കോടതി ; മുഖ്യമന്ത്രിയുടെ പേജില്‍ മാസ് കമന്റിന് ആഹ്വാനം
ശാന്തിവന പ്രശ്‌നത്തില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ചു. ജൈവ ആവാസ വ്യവസ്ഥയായ ശാന്തിവനത്തെ തകര്‍ത്ത് കെഎസ്ഇബി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.110 കെവി ലൈന്‍ വലിക്കാനും ടവര്‍ നിര്‍മ്മിക്കാനുമായി അന്‍പതോളം മരങ്ങള്‍ മുറിച്ചതോടെയാണ് വിഷയം നിയമപ്രശ്‌നത്തിന് വഴിമാറിയത്.
അതേസമയം കക്ഷിക്ക് തെറ്റായ നിയമോപദേശങ്ങളാണ് ലഭിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യാന്‍ ആദ്യ അഭിഭാഷകന്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നില്ല. മറ്റൊരു അഭിഭാഷകന്‍ അപ്പീലിന് പകരം റിട്ട് നല്‍കുകയാണുണ്ടായത്. വിധി വന്നപ്പോള്‍ എത്രയും വേഗം അപ്പീല്‍ നല്‍കേണ്ടിയിരുന്നു. ഇക്കാര്യങ്ങളില്‍ വാദി ഭാഗം തെറ്റായി നയിക്കപ്പെട്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
കോടതിക്ക് അനീതി ബോധ്യപ്പെട്ടെന്ന് സമരസമിതി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. അനീതി തിരുത്താന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. പ്രശ്‌നം ബോധ്യപ്പെട്ടെന്നും മന്ത്രിതല ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ്. അതിനാല്‍ അദ്ദേഹം വിചാരിച്ചാല്‍ അനീതി അവസാനിപ്പിക്കാനാകും. ജനഹൃദയങ്ങളിലേക്ക് ശക്തമായി തിരിച്ചുവരാന്‍ സര്‍ക്കാരിന് മുന്നിലുള്ള ചവിട്ടുപടിയായി ഇത് ഉപയോഗിക്കണം.
ജനങ്ങള്‍ക്കൊപ്പവും പ്രകൃതിക്കൊപ്പവുമാണ് ഈ സര്‍ക്കാരെന്ന് നിലപാടെടുക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ ജനങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഏറ്റവും നല്ല അവസരമാണിത്. മുഖ്യമന്ത്രിയുടെ പേജില്‍ മാസ് കമന്റ് നടത്തി നീതിക്കുവേണ്ടി ആവശ്യപ്പെടണമെന്ന് സമര സമിതി ആഹ്വാനം ചെയ്തു. ശാന്തിവന വിഷയത്തിലെ അനീതി തിരുത്തണമെന്ന് കമന്റായി രേഖപ്പെടുത്തണമെന്നാണ് ആവശ്യം. ശാന്തിവനത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി വിഭാവനം ചെയ്തിരുന്നതെങ്കിലും പിന്നീട് വഴി മാറ്റി ലൈന്‍ വലിക്കാന്‍ മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റുകയുമായിരുന്നു.
ഒത്ത നടുവിലാണ് പൈലിങ് അടക്കമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ അരങ്ങേറിയത്. എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂര്‍ താലൂക്കിലെ കോട്ടുവള്ളി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ശാന്തിവനം. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണിത്. നൂറുകണക്കിന് ഔഷധ സസ്യങ്ങളും അപൂര്‍വ ജീവജാലങ്ങളും ഈ രണ്ടേക്കറിലുണ്ട്. ഈ സ്വാഭാവിക ആവാസ വ്യവസ്ഥ തകര്‍ത്താണ് കെഎസ്ഇബിയുടെ നിര്‍മ്മാണങ്ങള്‍ പുരോഗമിക്കുന്നത്. ഉടമ മീന മേനോനും കുടുംബവുമാണ് മുപ്പതുവര്‍ഷമായി ഈ ജൈവ വൈവിധ്യ കേന്ദ്രം സംരക്ഷിച്ചുപോരുന്നത്.