‘പഴയ എസ്എഫ്‌ഐക്കാരിക്ക് 9 വര്‍ഷം മതിയാകില്ല കോണ്‍ഗ്രസ് സംസ്‌കാരം പഠിക്കാന്‍’; വിവാദമായതോടെ മേയര്‍ക്കെതിരായ പോസ്റ്റ് പിന്‍വലിച്ച് ഹൈബി
കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ഹൈബി ഈഡന്‍ എംപി. തേവര കോളജിലെ പഴയ എസ്എഫ്‌ഐക്കാരിക്ക് ഒമ്പത് വര്‍ഷം മതിയാകില്ല കോണ്‍ഗ്രസിന്റെ ചരിത്രവും സംസ്‌കാരവും പഠിക്കാനെന്നായിരുന്നു ഹൈബിയുടെ പോസ്റ്റ്. ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂവെന്നും ഇത് കോണ്‍ഗ്രസ് ആണെന്നും പരാമര്‍ശിച്ചു. എന്നാല്‍ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നുവെന്നാണ് സൂചന.
സൗമിനി ജെയിനിനെ നീക്കാന്‍ എറണാകുളത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ ധാരണയായിരുന്നു. മേയര്‍ മാറ്റം സംബന്ധിച്ച് കെപിസിസി തീരുമാനം വരാനിരിക്കെയാണ് ഹൈബി ഈഡന്‍ വിമര്‍ശന പോസ്റ്റുമായി രംഗത്തെത്തിയത്. പാര്‍ട്ടി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള സൗമിനിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമാകും ഇതില്‍ തിരുമാനമുണ്ടാവുക. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി തീരുമാനം വന്നശേഷം പലതും വെളിപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
നേരത്തേയും ഹൈബി ഈഡന്‍ സൗമിനി ജെയിനിനെതിരെ രംഗത്തെത്തിയിരുന്നു. കോര്‍പ്പറേഷന്‍ ഭരണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ടിജെ വിനോദിന് വോട്ടുകുറഞ്ഞത് നഗരസഭാ ഭരണത്തിലെ പാളിച്ചയുടെ പ്രതിഫലനമാണെന്നാന്ന് ഹൈബി വിമര്‍ശിച്ചത്. എന്നാല്‍ തിരിച്ചടിച്ച് മേയറും രംഗത്തെത്തി. നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോരെന്നും ചിലര്‍ കോര്‍പ്പറേഷനെതിരെ തിരിയുന്നത് തെറ്റിദ്ധാരണ കാരണമാണെന്നും മേയര്‍ പറഞ്ഞിരുന്നു.