LIVE BLOG : വയനാട്‌ പൂത്തുമലയിൽ വൻ ഉരുൾപൊട്ടൽ; പ്രദേശത്തേക്ക് എത്താനാകുന്നില്ലെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ

LIVE BLOG : വയനാട്‌ പൂത്തുമലയിൽ വൻ ഉരുൾപൊട്ടൽ; പ്രദേശത്തേക്ക് എത്താനാകുന്നില്ലെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ

അഞ്ച് ദിവസം കൂടി ശക്തമായ മഴ; നാളെ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

മഴക്കെടുതി മരണം എട്ടായി. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം. സംസ്ഥാനത്താകെ നൂറോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇടുക്കിയിലും നിലമ്പൂരിലും ദേശീയ ദുരന്തനിവാരണസേനയെത്തി.

അതി തീവ്ര മഴയുടെ സാഹചര്യത്തിൽകേരളത്തിലെ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻറെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് അറിയിച്ചിരിക്കുന്നു.

കൂടാതെ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ (cwc) മുന്നറിയിപ്പ് നൽകുന്നു നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കുക

വയനാട്‌ പൂത്തുമലയിൽ വൻ ഉരുൾപൊട്ടൽ; പ്രദേശത്തേക്ക് എത്താനാകുന്നില്ലെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ

വയനാട് മേപ്പാടി പൂത്തുമലയിൽ വൻ ഉരുൾപൊട്ടലുണ്ടായി നിരവധി പേരെ കാണാതായെന്ന് റിപ്പോർട്ട്. തൊഴിലാളികൾ വസിക്കുന്ന ലായങ്ങളും ഒരു പള്ളിയും അമ്പലവും വാഹനങ്ങളും മണ്ണിനടിയിലാണെന്നാണ് ലഭ്യമായ വിവരം. പ്രദേശത്തേക്ക് എത്താനാകുന്നില്ലെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ അറിയിച്ചു. സാധ്യമായ എല്ലാം ചെയ്യുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു. കേന്ദ്ര ദുരന്തനിവാരണ സേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ 4-5 ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുന്നുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മേഖലയിൽ മേഘവിസ്ഫോടനം സംഭവിച്ചതായും വിവരങ്ങളുണ്ട്.

രക്ഷാപ്രവർത്തനത്തിന് വായുസേനയും എത്തിയേക്കും

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് വായുസേനയുടെ സഹായം തേടി വയനാട്, മലപ്പുറം ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനാണ് ഹെലികോപ്റ്റർ സഹായം തേടിയത് അടിയന്തരമായി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ദുരന്തനിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു.

സൈന്യത്തിന്റെ സഹായം തേടി

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സൈന്യത്തിന്റെ സഹായം തേടി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൈന്യത്തെ ആവശ്യപ്പെട്ടത്. മിലിട്ടറി എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സിന്റെ സംഘത്തെ അയക്കണമെന്നും കേരളം ആവശ്യപ്പെട്ടു. വയനാട്, കണ്ണൂർ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് സേവനം ആവശ്യപ്പെട്ടത്.

നാളെ എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അവധി. എം ജി, കോഴിക്കോട്, കണ്ണൂര്‍ സര്‍വ്വകലാശാലകളെ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു. അവധി കുട്ടികളുടെ സുരക്ഷയ്ക്കാണെന്നും പുഴയിലും കുളത്തിലും പോകരുതെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു.

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറി. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നദിയുടെ ഇരുകരകളിലുമുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴ: തൃശൂർ ജില്ലയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

കനത്ത മഴയും മണ്ണിടിച്ചിലും കാരണം കോഴിക്കോട് ബാംഗ്ലൂരര്‍ സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു. ചുരത്തിലും അടിവരാത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മൈസൂര്‍ റൂട്ടിലെ സര്‍വ്വീസുകളും നിര്‍ത്തി.

കനത്ത മഴ കാരണം നാളെ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല

ഇടുക്കിയില്‍ എട്ടിടത്ത് ഉരുള്‍പൊട്ടി; ഡാമുകള്‍ തുറന്നു; മൂന്നാറും മാങ്കുളവും മറയൂരും ഒറ്റപ്പെട്ടു; കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നുവിട്ടു. രാത്രിയാത്ര നിരോധിച്ചു.

കനത്ത മഴയില്‍ സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ വന്‍ദുരിതം.കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് കനത്ത് മഴ ദുരിതം വിതക്കുന്നത്. വിവിധ ജില്ലകളിലായി നാല് പേര്‍ മരിച്ചു. ഇടുക്കി ചിന്നക്കനാലില്‍ മണ്ണിടിഞ്ഞ് ഒരു വയസ്സായ കുഞ്ഞ് മരിച്ചു.

ഇറിഗേഷന്‍ വകുപ്പിന്റെ അറിയിപ്പ് പെരിയാറിന്റെ തീരത്തുള്ള കടുങ്ങല്ലൂര്‍, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര, പറവൂര്‍ മുന്‍സിപ്പാലിറ്റി, കരിമാലൂര്‍, ആലങ്ങാട്, കുന്നുകര, ചെങ്ങമനാട്, ഏലൂര്‍ മുന്‍സിപ്പാലിറ്റി, ആലുവ മുന്‍സിപ്പാലിറ്റി, വരാപ്പുഴ പഞ്ചായത്ത്, കടമക്കുടി, കുട്ടമ്പുഴ പഞ്ചായത്ത്, പിണ്ടിമന പഞ്ചായത്ത്, വേങ്ങൂര്‍ കൂവപ്പടി ,മലയാറ്റൂര്‍, കാലടി ,കാഞ്ഞൂര്‍ ശ്രീമൂലനഗരം, ചാലക്കുടി പുഴയുടെ തീരത്ത് പുത്തന്‍വേലിക്കരയുടെ ഭാഗമായ കോഴിത്തുരുത്ത് എന്നിവിടങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യത.

കണ്ണൂർ ജില്ലാ കലക്ടറുടെ അറിയിപ്പ് ; പുഴകളിൽ വെള്ളം ഉയരും. ജനം ജാഗ്രത പുലർത്തണം. മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത കാണിക്കണം

വിവിധ ജില്ലകളില്‍ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കാന്‍ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ഏത് അടിയന്തര സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കേണ്ടതാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ തുടങ്ങുന്ന ക്യാമ്പുകളില്‍ അയയ്ക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ ഒരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ മഴക്കെടുതിയില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. പത്ത് യൂണിറ്റുകള്‍ വിളിക്കാന്‍ യോഗത്തില്‍ തീരുമാനം.

വിവിധ ജില്ലകളിലായി 1385 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, നിലമ്പൂരില്‍ വമേഖലയോട് ചേര്‍ന്ന പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. നെടുങ്കയം, കരുളായി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ കാര(50) ആണ് മരിച്ചത്. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുമ്പോള്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാക്കത്തോട്ടെ ബാബുവിന്റെ ഭാര്യ മുത്തു (25) ആണ് മരിച്ചത്.

അട്ടപ്പാടി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കട്ടപ്പനയില്‍ ഉരുള്‍ പൊട്ടലില്‍ നാശനഷ്ടം

നിലമ്പൂര്‍ ടൗണില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറി. ഇത് ഗതാഗത തടസത്തിന് ഇടയാക്കിയിരിക്കുകയാണ്.

നിലമ്പൂര്‍ കരുളായി മുണ്ടാകടവ് കോളനിയിലും ആഢ്യന്‍പാറ വന മേഖലയിലും ഉരുള്‍പൊട്ടലുണ്ടായി. ചാലിയാറിന്റെ തീരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

മൂന്നാറില്‍ വെള്ളപ്പൊക്കം. വീടുകളില്‍ വെള്ളം കയറി.പ്രധാനപാതകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി എറണാകുളം റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു.

അട്ടപ്പാടി ഗാന്ധിനഗറില്‍ മണ്ണിടിച്ച് ഒരാള്‍ അടിയില്‍ അകപ്പെട്ടു.

കണ്ണൂരില്‍ കുപ്പം പുഴ കരകവിഞ്ഞൊഴുകുന്നു. റോഡുകള്‍ വെള്ളത്തിനടിയിലായി.

അട്ടപ്പാടി ഭവാനി പുഴയിൽ വെള്ളം കയറുന്നു.

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; സ്യൂയിസ് വാല്‍വ് തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

കോട്ടയം കുമളി റൂട്ടില്‍ ബസ് സര്‍വീസ് മുടങ്ങി, മീനച്ചലാര്‍ കരകവിഞ്ഞൊഴുകുന്നു.

കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട്ടില്‍ കനത്ത കൃഷിനാശം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

logo
The Cue
www.thecue.in