തീവ്രന്യൂനമര്‍ദ്ദം; അതിശക്തമായ കാറ്റും മഴയും; മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം
അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി. കേരളത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്.
കേരളത്തിന്റെ തീരദേശ മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം തുടരുകയാണ്. മത്സ്യബന്ധനത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.മത്സ്യത്തൊഴിലാളികളെ തിരിച്ചു വിളിച്ചതായി കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടല്‍ അതിപ്രക്ഷുബ്ധവസ്ഥായില്‍ തുടരും. മലയോര മേഖലയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. എറണാകളും,തൃശൂര്‍, മലപ്പുറം, കോഴിക്കോട് ില്ലകളില്‍ നാളെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയത്തിനും മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലിനും കാരണമായേക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റ് അറിയിക്കുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായേക്കാം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പുള്ള മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്കായി ക്യാമ്പുകളൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യബോര്‍ഡുകളും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇതിന് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. അതിരാവിലെ ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും വെള്ളക്കെട്ടുകളില്‍ ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീണിട്ടില്ലെന്ന് ഉറപ്പു വരുത്തണം.