‘പൂജാരിയാകാനല്ല, അധ്യാപകനാകാനുള്ള വിജ്ഞാപനമാണ്’; അമ്പലത്തിലെ ജോലിക്ക് അറബി വേണമെന്ന സെന്‍കുമാര്‍ പോസ്റ്റിന് രൂക്ഷ വിമര്‍ശം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപക തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. അറബി പഠിച്ചാലേ അമ്പലത്തില്‍ ഇനി ജോലി കിട്ടൂ. സംസ്‌കൃതം പഠിക്കാന്‍ പാടില്ല എന്ന തലക്കെട്ടോടെയായിരുന്നു, വിരമിച്ച ശേഷം ബിജെപിയില്‍ ചേക്കേറിയ സെന്‍കുമാറിന്റെ പോസ്റ്റ്. ദേവസ്വം ബോര്‍ഡിന് കീഴിലെ ഹൈസ്‌കൂളുകളിലേക്കും യുപി സ്‌കൂളുകളിലേക്കും അദ്ധ്യാപകരെ ക്ഷണിച്ചുള്ളതാണ് അറിയിപ്പ്.
മലയാളം കണക്ക് സയന്‍സ് മ്യൂസിക് തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കായാണ് വിജ്ഞാപനം. ഇതില്‍ അറബി അദ്ധ്യാപകന്റെ ഒഴിവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെ അറബി പഠിച്ചാലേ അമ്പത്തില്‍ ജോലി കിട്ടൂവെന്ന് ടിപി സെന്‍കുമാര്‍ വളച്ചൊടിച്ചു. അമ്പലങ്ങളിലല്ല, സ്‌കൂളുകളിലാണ് നിയമനം എന്നിരിക്കെയാണ് ടിപി സെന്‍കുമാര്‍ ദുരാരോപണം ഉന്നയിച്ചത്. കൂടാതെ അറബി പഠിച്ചാലേ ജോലി കിട്ടൂ എന്നുമല്ല വിജ്ഞാപനം.
സെന്‍കുമാറിന്റെ തെറ്റിദ്ധാരണ പരത്തലിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അമ്പലത്തിലെ ജോലിക്കല്ല സ്‌കൂള്‍ അധ്യാപകനകാനുള്ള വിജ്ഞാപനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ സംഗത്തെത്തി. സ്‌കൂളുകളില്‍ എല്ലാ ഭാഷയും പഠിപ്പിക്കുമെന്ന കാര്യം അറിയില്ലേയെന്നും നിരവധി പേര്‍ ചോദിച്ചു. സംസ്‌കൃതം പഠിപ്പിക്കാന്‍ പാടില്ലെന്ന് എവിടെയെങ്കിലും പറയുന്നുണ്ടോയെന്ന് ആരാഞ്ഞവരുമുണ്ട്. ടിപി സെന്‍കുമാറിന്റേത് വിദ്വേഷ പ്രചരണമാണെന്ന് വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി.