തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി; ദുരിത ബാധിതരോട് പ്രളയസഹായത്തിന്റെ ഒരു ഭാഗം തിരികെ ചോദിച്ച് സര്‍ക്കാര്‍
പ്രളയദുരിതാശ്വാസമായി നല്‍കിയ സഹായധനത്തില്‍ നിന്നും ഒരു ഭാഗം ദുരിതബാധിതരോട് തിരികെ ചോദിച്ച് സര്‍ക്കാര്‍. പത്തനം തിട്ട കോഴഞ്ചേരിയില്‍ 2018 വെളളപ്പൊക്കത്തില്‍ നാശനഷ്ടം നേരിട്ട 20ഓലം കുടുംബങ്ങള്‍ക്ക് റവന്യൂവകുപ്പ് നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം തുക തിരിച്ചടച്ചില്ലെങ്കില്‍ ജപ്തിയടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
2018 പ്രളയക്കെടുതി ദുരിതാശ്വാസത്തിന്റെ ഭാഗമായി ചിലര്‍ക്ക് നല്‍കിയ തുക ഇരട്ടിപ്പ് ആണെന്നാണ് റവന്യൂ അധികൃതരുടെ വാദം. 60,000 രൂപമുതല്‍ ഒന്നര ലക്ഷം രൂപവരെയാണ് തിരികെ അടക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് ലക്ഷം വരെ ലഭിച്ചവരോട് പകുതി പണം തിരിച്ചടക്കാനും റവന്യൂ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സഹായം സ്വീകരിച്ച ദുരന്തബാധിതര്‍ക്ക് ഇത്രയും തുകയ്ക്ക് അര്‍ഹതയില്ലെന്നും കൂടുതല്‍ തുക അക്കൗണ്ടില്‍ വന്നുവെന്നുമാണ് റവന്യൂവകുപ്പിന്റെ വിശദീകരണം.
വീടിന് 59 ശതമാനം വരെ ഭാഗികമായി നഷ്ടം സംഭവിച്ചവരില്‍ നിന്നുമാണ് തുക തിരികെ ചോദിച്ചിരിക്കുന്നത്. കൂടുതല്‍ തുക നഷ്ടപരിഹാരമായി നല്‍കിയോ എന്നറിയില്ലെന്നാണ് ദുരിതബാധിതരുടെ പ്രതികരണം. പല തവണയായി അക്കൗണ്ടില്‍ വന്ന പണമാണ്. ആദ്യം ലഭിച്ച തുക അറ്റകുറ്റപ്പണികള്‍ക്കും നഷ്ടപരിഹാരത്തിനും പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിച്ച് വീണ്ടും അപേക്ഷകള്‍ നല്‍കിയിരുന്നു. അപ്പീലിലിലൂടെ കൂടുതല്‍ തുക ലഭിച്ചെന്നാണ് കരുതിയിരുന്നത്. തുകയടക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല തങ്ങള്‍ ഇപ്പോള്‍ ഉള്ളതെന്നും ദുരിതബാധിതര്‍ ചൂണ്ടിക്കാണിക്കുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം