ബോംബുണ്ടാക്കാന്‍ പരിശീലനം നല്‍കിയത് പ്രഗ്യയുടെ അഭിനവ് ഭാരതിലെ പിടികിട്ടാപ്പുള്ളികള്‍, ഗൗരി ലങ്കേഷ് വധത്തിലെ റിപ്പോര്‍ട്ട്

ബോംബുണ്ടാക്കാന്‍ പരിശീലനം നല്‍കിയത് പ്രഗ്യയുടെ അഭിനവ് ഭാരതിലെ പിടികിട്ടാപ്പുള്ളികള്‍, ഗൗരി ലങ്കേഷ് വധത്തിലെ റിപ്പോര്‍ട്ട്

Published on

ഗൗര്യ ലങ്കേഷ് വധത്തിന് പിന്നിലുള്ള തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുടെ അംഗങ്ങളെ ബോംബുണ്ടാക്കാന്‍ പരിശീലിപ്പിച്ചത് ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥി പ്രഗ്യ സിങ് ഠാക്കൂറിന്റെ സംഘടനയായ അഭിനവ് ഭാരതിലെ അംഗങ്ങള്‍. ഗൗരി ലങ്കേശ് വധത്തിലെ പ്രത്യേക അന്വേഷണ സംഘം ബംഗലൂരൂ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തീവ്രഹിന്ദുത്വ സംഘടനകള്‍ തമ്മിലുള്ള ആയുധ ബന്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്.

പ്രഗ്യയ്‌ക്കൊപ്പം മലേഗാവ് സ്‌ഫോടനത്തില്‍ പ്രതികളായ രണ്ടുപേരും സംഝോധ എക്‌സ്പ്രസ്, മക്ക മസ്ജിത്, അജ്മീര്‍ ദര്‍ഗ സ്‌ഫോടനകേസിലെ പ്രതികളായ രണ്ടുപേരുമാണ് സനാതന്‍ സന്‍സ്തയ്ക്ക് വേണ്ടി പരിശീല ക്യാമ്പുകള്‍ നടത്തിയത്. ഇതില്‍ രണ്ടുപേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചതുമാണ്.

സനാതന്‍ സന്‍സ്തയിലുള്ളവര്‍ക്ക് ബോംബുണ്ടാക്കാന്‍ പരിശീലനം നല്‍കിയത്, അതുപോലെ തന്നെ പ്രവര്‍ത്തിക്കുന്ന തീവ്രഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതാണ്. 2011നും 2016നും ഇടയിലാണ് പരിശീലനം നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച സ്‌ഫോടന കേസ് പ്രതികളാണ് വിവിധയിടങ്ങളില്‍ ബോംബുണ്ടാക്കാന്‍ പരിശീലന ക്യാമ്പുകളിലേക്ക് എത്തിയത്.

2008ലെ മലേഗാവ് സ്ഫോടനക്കേസില്‍ 14 പ്രതികളില്‍ ഒരാളാണ് ബിജെപിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയായ പ്രഗ്യാ സിങ് ഠാക്കൂര്‍. കേസില്‍ പ്രതികളായി ഒളിവില്‍ പോയ പിടികിട്ടാപ്പുള്ളികളായ അഭിനവ് ഭാരതിലെ അംഗങ്ങളായ റാംജി കല്‍സങ്കര, സന്ദീപ് ഡാംഗെ എന്നിവരുമായി പ്രഗ്യക്ക് ബന്ധമുണ്ട്. ഇവരാണ് സനാതന്‍ സന്‍സ്തയ്ക്ക് ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നല്‍കിയതെന്നും കര്‍ണാടക പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സനാതന്‍ സന്‍സ്തയിലുള്ള മൂന്ന് പേരെ ഗൗരി ലങ്കേഷ് കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കൂടാതെ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത നാല് പേരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. 'ബാബാജി'യുടേയും നാല് 'ഗുരുജിമാരു'ടേയും സാന്നിദ്ധ്യം ബോംബ് നിര്‍മ്മാണ് ക്യാമ്പില്‍ ഉള്ളതായി ഇവരുടെയെല്ലാം മൊഴികളില്‍ നിന്ന് വ്യക്തമാണ്.

2007ലെ അജ്മീര്‍ ദര്‍ഗ സ്ഫോടന കേസിലെ പ്രതിയായ അഭിനവ് ഭാരത് അംഗം സുരേഷ് നായരാണ് 'ബാബാജി' എന്നറിയപ്പെടുന്നയാള്‍. 11 വര്‍ഷം ഒളിച്ചു ജീവിച്ച സംഝോധ എക്‌സ്പ്രസ് സ്‌ഫോടനകേസിലും പ്രതിയായ ഇയാളെ 2018ലാണ് അറസ്റ്റ് ചെയ്തത്.

സുരേഷ് നായരുടെ അറസ്റ്റിന് ശേഷമാണ് സന്‍സ്തയ്ക്ക് പരിശീലനം നല്‍കിയ മറ്റ് മൂന്നുപേര്‍ പിടികിട്ടാപ്പുള്ളികളായ കല്‍സങ്കാരയും ഡാംഗേയും പിന്നെ അശ്വിനി ചൗഹാനെന്നയാളുമാണെന്ന് വ്യക്തമായി. അഞ്ചാമതെത്തിയ ബോംബ് പരിശീലകന്‍ മറ്റൊരു ഹിന്ദുത്വ തീവ്ര സംഘടനയായ ഭവാനി സേനയില്‍ നിന്നുള്ള പ്രതാപ് ഹസ്രയാണ്.

മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡാംഗേയ്ക്ക് ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഉണ്ട്. പ്രഗ്യയുടെ അഭിനവ് ഭാരതിന്റെ അംഗങ്ങളായ ഡാംഗേയുടേയും കല്‍സാങ്കരയുടേയും തലയ്ക്ക് 10 ലക്ഷം രൂപയാണ് എന്‍ഐഎ പ്രഖ്യാപിച്ചിട്ടുള്ളത്.

2017 സെപ്റ്റംബര്‍ 5നാണ് മാധ്യമപ്രവര്‍ത്തകയും ഇടതു ചിന്തകയുമായ ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വസതിക്കു മുന്‍പില്‍ തീവ്ര ഹിന്ദുത്വ സംഘത്തിന്റെ വെടിയേറ്റു മരിച്ചത്. സനാതന്‍ സന്‍സ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധമുള്ളവരാണ് കേസില്‍ അറസ്റ്റിലായവരില്‍ ഏറെയും.

logo
The Cue
www.thecue.in