മുംബൈയില്‍ ഐസ് ക്രീമിനൊപ്പം കിട്ടിയ വിരല്‍ ഫാക്ടറി ജീവനക്കാരന്റേതെന്ന് പോലീസ്

മുംബൈയില്‍ ഐസ് ക്രീമിനൊപ്പം കിട്ടിയ വിരല്‍ ഫാക്ടറി ജീവനക്കാരന്റേതെന്ന് പോലീസ്
Published on

മുംബൈയില്‍ ഐസ്‌ക്രീം കോണിനൊപ്പം ലഭിച്ച വിരല്‍ ഐസ്‌ക്രീം ഫാാക്ടറി ജീവനക്കാരന്റേതെന്ന് പോലീസ്. യമ്മോ എന്ന ഐസ് ക്രീം നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ നടത്തിയ അന്വേഷണത്തിലാണ് കേസില്‍ വഴിത്തിരിവുണ്ടാകുന്ന വിവരം ലഭിച്ചത്. പൂനെയില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലെ ഒരു ജീവനക്കാരന് ഫാക്ടറിയിലുണ്ടായ അപകടത്തില്‍ വിരല്‍ നഷ്ടമായിരുന്നു. വിരല്‍ കിട്ടിയ ഐസ് ക്രീം അപകടമുണ്ടായ അതേ ദിവസം പാക്ക് ചെയ്തതാണെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. വിരല്‍ അപകടത്തില്‍പെട്ട ജീവനക്കാരന്റേതാണെന്ന് സ്ഥിരീകരിക്കുന്നതിനായി പോലീസ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു.

മുംബൈ സ്വദേശിയായ ഓര്‍ലന്‍ ബ്രാന്‍ഡന്‍ സെറാവോ എന്ന ഡോക്ടര്‍ക്കാണ് ഐസ് ക്രീമിനുള്ളില്‍ നിന്ന് മനുഷ്യന്റെ വിരല്‍ ലഭിച്ചത്. ഡോക്ടറുടെ സഹോദരി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ ഐസ്‌ക്രീം പാതി കഴിച്ചതിനു ശേഷമാണ് വിരല്‍ കണ്ടത്. ചോക്കലേറ്റ് കഷണമോ കശുവണ്ടിയോ ആണെന്നാണ് ആദ്യം കരുതിയത്. തുപ്പിയപ്പോഴാണ് അതൊരു വിരലാണെന്ന് വ്യക്തമായതെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. താനൊരു ഡോക്ടറായതുകൊണ്ട് അതൊരു മനുഷ്യന്റെ വിരലാണെന്ന് പെട്ടെന്ന് മനസിലായി. നഖവും വിരലടയാളവും കണ്ടതോടെ താന്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

സംഭവത്തെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഫാക്ടറിയില്‍ പരിശോധന നടത്തുകയും ഐസ്‌ക്രീം നിര്‍മാതാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഐസ്‌ക്രീമിനുള്ളില്‍ നിന്ന് മനുഷ്യ ശരീരഭാഗം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വലിയ കുറ്റകൃത്യങ്ങള്‍ ഇതിനു പിന്നില്‍ നടക്കുന്നുണ്ടോയെന്ന സംശയവും പോലീസിനുണ്ട്. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in