കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കി ഇളവ് ; സാമ്പത്തിക മാന്ദ്യ സാഹചര്യത്തില്‍ പുതിയ പ്രഖ്യാപനവുമായി നിര്‍മല സീതാരാമന്‍
സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ച് ധനമന്ത്രാലയം. സര്‍ ചാര്‍ജുകള്‍ അടക്കം 25.17 ശതമാനം നികുതി അടച്ചാല്‍ മതി. 30 ശതമാനമായിരുന്നതിലാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം പുതിയ നിര്‍മ്മാണ കമ്പനികള്‍ക്കും നികുതിയിളവുണ്ട്. ഒക്ടോബര്‍ ഒന്നിന് ശേഷം തുടങ്ങുന്ന നിര്‍മ്മാണ കമ്പനികള്‍ 2023 വരെ 15 ശതമാനം നികുതി ഒടുക്കിയാല്‍ മതിയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഗോവയില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായിട്ടായിരുന്നു നിര്‍ണ്ണായക പ്രഖ്യാപനം.
2019 ജൂലൈ 5 ന് മുന്‍പ് ഓഹരി തിരികെ വാങ്ങുമെന്ന് (ഷെയര്‍ബൈ ബാക്ക് പ്രഖ്യാപിച്ചുട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍ക്ക് ആ ഇടപാടുകള്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ല. നികുതി ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. പുതിയ പ്രഖ്യാപനത്തോടെ ഓഹരി വിപണിയില്‍ ഉണര്‍വ്വുണ്ടായി. സെന്‍സെക്‌സ് 1600 പോയിന്റും നിഫ്റ്റി 450 പോയിന്റും ഉയര്‍ന്നു. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായി രാജ്യവ്യാപകമായി വായ്പാമേള നടത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് ധനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
ബാങ്ക് ഇതര സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി വായ്പകള്‍ നല്‍കാനാണ് ഡല്‍ഹിയിലെ ഇതുസംബന്ധിച്ച യോഗത്തില്‍ നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടത്. ഭവന, കാര്‍ഷിക, വായ്പകള്‍ക്ക് പ്രാധാന്യം നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഈമാസം 24 നും 29 നും ഇടയില്‍ രണ്ടുഘട്ടമായി 400 ജില്ലകളില്‍ വായ്പാ മേള നടത്താനാണ് പദ്ധതി. വായ്പാ തിരിച്ചടവ് മുടങ്ങിയ ചെറുകിട വ്യവസായങ്ങള്‍ക്കെതിരായ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നും ധനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മാന്ദ്യം നേരിടാന്‍ നേരത്തേ കയറ്റുമതി, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ക്കായി എഴുപതിനായിരം കോടിയുടെ പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം