Fact Check : സേവാ ഭാരതിയുടെ ദുരിതാശ്വാസ ക്യാമ്പെന്ന് വ്യാജ പ്രചരണം; ആ ചിത്രങ്ങള്‍ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ ക്യാമ്പിലേത്‌ 

Fact Check : സേവാ ഭാരതിയുടെ ദുരിതാശ്വാസ ക്യാമ്പെന്ന് വ്യാജ പ്രചരണം; ആ ചിത്രങ്ങള്‍ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ ക്യാമ്പിലേത്‌ 

Published on

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

'ഇത് കല്യാണ സദ്യയല്ല, പയ്യന്നൂരിലെ സേവാ ഭാരതി ക്യാമ്പ്'.ഫോട്ടോകള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച പോസ്റ്റാണിത്. ദുരിതാശ്വാസ ക്യാമ്പില്‍ ആളുകള്‍ ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു പോസ്റ്റ്. ഗായത്രി ഗിരീഷ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഈ അക്കൗണ്ടില്‍ നിന്ന് 4500 ഓളം തവണ ഇത് ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. സംഘപരിവാര്‍ അനുകൂലികളുടെ പേജുകളിലും ഗ്രൂപ്പുകളിലുമാണ് പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

Fact Check : സേവാ ഭാരതിയുടെ ദുരിതാശ്വാസ ക്യാമ്പെന്ന് വ്യാജ പ്രചരണം; ആ ചിത്രങ്ങള്‍ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ ക്യാമ്പിലേത്‌ 
തെക്ക്-വടക്ക് ഭിന്നിപ്പ് പോസ്റ്റും അക്കൗണ്ടും തന്റേതല്ലെന്ന് പാര്‍വ്വതി; ‘ഒരുമിച്ച് അതിജീവിക്കാം’

പ്രചരണത്തിന്റെ വാസ്തവം

കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള ഫോട്ടോകളാണ് സേവാഭാരതി ഏര്‍പ്പെടുത്തിയ ക്യാമ്പിലേതെന്ന അവകാശവാദത്തോടെ പ്രചരിപ്പിച്ചത്. പോസ്റ്റിന് താഴെ പ്രദേശവാസികള്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തി കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു. കൈതപ്രത്തെ ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിച്ച ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ളതായിരുന്നു പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങള്‍. പാണപ്പുഴ വില്ലേജ് ഓഫീസര്‍ ശ്രീജിത്ത് ക്യാമ്പ് കോ.ഓഡിനേറ്ററും താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് അജയകുമാര്‍ പി പി ചാര്‍ജ് ഓഫീസറുമായാണ് ക്യാമ്പ് പ്രവര്‍ത്തിച്ചത്.

Fact Check : സേവാ ഭാരതിയുടെ ദുരിതാശ്വാസ ക്യാമ്പെന്ന് വ്യാജ പ്രചരണം; ആ ചിത്രങ്ങള്‍ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ ക്യാമ്പിലേത്‌ 
FactCheck: സംസ്ഥാനത്ത് നാളെ കറന്റില്ല;’ ഡാം വിദഗ്ധര്‍’ വിവരങ്ങള്‍ നല്‍കണം; കെഎസ്ഇബിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍

പ്രചരണം പൊളിഞ്ഞതോടെ അക്കൗണ്ടില്‍ നിന്ന് പ്രസ്തുത പോസ്റ്റ് നീക്കം ചെയ്യപ്പെടുകയും ചെയ്തു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന് കീഴില്‍ 4 കേന്ദ്രങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചത്. പാണപ്പുഴ എല്‍പി സ്‌കൂള്‍, പറവൂര്‍ എല്‍പി സ്‌കൂള്‍, കൈതപ്രം ഓഡിറ്റോറിയം,കൈതപ്രം ബഹുജന വായനാശാല എന്നിവിടങ്ങളിലായിരുന്നു ക്യാമ്പുകള്‍. മഴ കുറയുകയും വെള്ളമിറങ്ങുകയും ചെയ്തതോടെ ഈ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങുകയും ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെയും രാഷ്ട്രീയ ഭേദമന്യേ വിവിധ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചതെന്ന് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് അധികൃതര്‍ ദ ക്യുവിനോട് വ്യക്തമാക്കി. അതായത് സേവാ ഭാരതി ഒരുക്കിയ ക്യാമ്പ് ആയിരുന്നില്ല അത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ മുഴുവനാളുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ക്യാമ്പുകള്‍ ഒരുക്കിയതെന്ന് പരിയാരം പൊലീസും ദ ക്യുവിനോട് വ്യക്തമാക്കി. വ്യാജ പ്രചരണം തുറന്നുകാട്ടി പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനം രൂക്ഷമായ പ്രളയക്കെടുതി നേരിടുമ്പോള്‍ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടുള്ള സംഘപരിവാര്‍ അനുകൂലികളുടെ വ്യാജ പ്രചരണമാണ് അരങ്ങേറിയതെന്ന് വ്യക്തം.

logo
The Cue
www.thecue.in