Fact Check : അത് വ്യാജം,പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ബിജെപി യൂണിറ്റ് ആരംഭിച്ചിട്ടില്ല ; പ്രചരിച്ചത് തെരഞ്ഞെടുപ്പ് വീഡിയോ
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്
‘പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ബിജെപി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു’. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതാണിത്. ഇത് ഇന്ത്യയിലല്ല, പാക്‌സിതാനിലാണ്, ബലൂചിസ്ഥാനില്‍. എന്ന് വീഡിയോയില്‍ പതിച്ചിട്ടുമുണ്ട്. പ്രവര്‍ത്തകര്‍ ബിജെപി കൊടിയുമായി പാര്‍ട്ടി അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതാണ് വീഡിയോയിലുള്ളത്. മുസ്ലിം സ്ത്രീകളെയും ഈ പ്രകടനത്തില്‍ കാണാം. അവരില്‍ ചിലര്‍ മുദ്രാവാക്യത്തിനൊപ്പം ചുവടുവെയ്ക്കുന്നുമുണ്ട്. നിരവധി പേര്‍ക്കൊപ്പം വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടുള്ള അതുല്‍ കുശ്‌വാഹയെന്നയാള്‍ ഈ വീഡിയോ ഈ മാസം 11 ന് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഫെയ്‌സ്‌ബുക്കിലും വാട്‌സ് ആപ്പിലും ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായി. ബിജെപി, സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലാണ് വീഡിയോ വന്‍തോതില്‍ പ്രചരിച്ചത്. കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ ഈ വീഡിയോയ്ക്ക് വന്‍ പ്രചാരം കൈവരികയായിരുന്നു.
പ്രചരണത്തിന്റെ വാസ്തവം
പ്രചരിച്ച വീഡിയോ പാകിസ്താനിലെ ബലൂചിസ്ഥാനില്‍ നിന്നുള്ളതല്ല. ബിജെപി ബലൂചിസ്ഥാനില്‍ യൂണിറ്റ് ആരംഭിച്ചിട്ടുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ നിന്ന് ചിത്രീകരിച്ചതാണ് വീഡിയോ. പഞ്ചാബ് കേസരി ടിവി ഉള്‍പ്പെടെയുള്ള ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. സോഫി സാഹബ് എന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനന്ത്‌നാഗ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സോഫി യൂസഫ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോഴത്തേതാണ് വീഡിയോ. സോഫി യൂസഫ് ഇതേ വീഡിയോ 2019 മാര്‍ച്ച് 30 ന് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഇദ്ദേഹം നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി ഹസ്‌നെയ്ന്‍ മസൂദിയോട് പരാജയപ്പെടുകയാണുണ്ടായത്. വാസ്തവമിതായിരിക്കെയാണ് പാകിസ്താനിലെ ബലൂചിസ്താനില്‍ യൂണിറ്റ് ആരംഭിച്ചെന്ന് ബിജെപി അണികള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയത്.