‘പണ ലഭ്യതയില്‍ 70 വര്‍ഷത്തിനിടയിലെ രൂക്ഷമായ പ്രതിസന്ധി’ ; സാമ്പത്തിക മാന്ദ്യം തുറന്ന് സമ്മതിച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍
70 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് പണലഭ്യത നേരിടുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. ഇത്രയും കാലത്തിനിടയ്ക്ക് പണലഭ്യത കുറഞ്ഞ മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം തുറന്നുസമ്മതിക്കുകയായിരുന്നു നിതി ആയോഗ് വൈസ് ചെയര്‍മാന്‍. സ്വകാര്യമേഖലയില്‍ ഉടലെടുത്ത ആശങ്കയ്ക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 5 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കിലൂടെ രാജ്യം കടുന്നുപോകുമ്പോഴാണ് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്റെ സുപ്രധാന നിരീക്ഷണം പുറത്തുവരുന്നത്.
പണലഭ്യത കുറയുന്നത് പാപ്പരത്വത്തിലേക്ക് നയിക്കുമെന്ന് രാജീവ് കുമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായും തിരിച്ചറിയേണ്ടതുണ്ട്. പ്രതിസന്ധി തടയാന്‍ അടിയന്തര നടപടികളാണ് വേണ്ടതെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സ്ഥിതി വന്നിരിക്കുന്നു. ഈ പ്രശ്‌നം സര്‍ക്കാരും സ്വകാര്യ മേഖലയും തമ്മിലല്ല. സ്വകാര്യ രംഗത്തുള്ളവര്‍ തന്നെ ആര്‍ക്കും കടംകൊടുക്കാന്‍ തയ്യാറാകാത്ത സ്ഥിതിയാണ്.
ഒന്നാമതായി ഈ പ്രതിസന്ധി നേരിടാന്‍ സാധാരണയില്‍ കവിഞ്ഞ നടപടികള്‍ സ്വീകരിക്കേണ്ടിവരും. രണ്ടാമതായി സ്വകാര്യ മേഖലയുടെ ആശങ്കകള്‍ക്ക് വിരാമമുണ്ടാക്കാന്‍ ഉതകുന്ന നടപടികള്‍ വേണമെന്നും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ജനുവരിയില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 5.8 ശതമാനമാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ അത് 5.7 ശതമാനമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിക്ഷേപം കുറഞ്ഞതും സേവന മേഖലയിലെ തളര്‍ച്ചയുമാണ് സാമ്പത്തിക മാന്ദ്യത്തിന് വഴിവെച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.