19 കാരിയുമായുള്ള പ്രണയം ; കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ദ്യുതി ചന്ദ്
സ്വവര്‍ഗാനുരാഗിയാണെന്നതില്‍ കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ ദ്യുതി ചന്ദ്. തന്റെ ആത്മസഖിയെ കണ്ടെത്തിയെന്നും ഒഡീഷ സ്വദേശിയായ ഈ 19 കാരിക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ദ്യുതി ചന്ദ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതി വിധിയാണ് ഇത് പറയാന്‍ തനിക്ക് ധൈര്യം പകര്‍ന്നതെന്നും ദ്യുതി വ്യക്തമാക്കിയിരുന്നു.
ഞാന്‍ എന്റെ ആത്മസഖിയെ കണ്ടെത്തി. 19 കാരിയായ ബിരുദവിദ്യാര്‍ത്ഥിയാണ് എന്റെ സുഹൃത്ത്. അഞ്ചുവര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലാണ്.ഭാവിയില്‍ ഒരുമിച്ച് കഴിയാനാണ് ഞങ്ങളുടെ തീരുമാനം. ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ളവവരെ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ. ഇതെന്റെ വ്യക്തിപരമായ തീരുമാനമാണ്. ഇന്ത്യയ്ക്കുവേണ്ടി മെഡലുകള്‍ നേടാനുള്ള പരിശ്രമം ഞാന്‍ തുടരും. എന്റെ പങ്കാളിയുടെ സമ്മതത്തോടെയാണ് ഇക്കാര്യം പങ്കുവെയ്ക്കുന്നത്. പീഡനാരോപണം നേരിട്ട ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിന്റെ അവസ്ഥ തനിക്കുണ്ടാകാതിരിക്കാനാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സ്വവര്‍ഗ പ്രണയം കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി ഇത് വെളിപ്പെടുത്താനുള്ള പ്രേരണയുമായി
ദ്യുതി ചന്ദ്
അതേസമയം മൂത്ത സഹോദരിക്ക് തന്റെ തീരുമാനത്തില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നും അവരില്‍ നിന്ന് ഭീഷണി നേരിടുന്നതായും ദ്യുതി വെളിപ്പെടുത്തി.
സഹോദരനെ വീട്ടില്‍ നിന്ന് പുറത്താക്കിയ ആളാണ് എന്റെ മൂത്ത സഹോദരി. സഹോദര ഭാര്യയെ ഇഷ്ടമല്ലാത്തതിനാലായിരുന്നു ഇത്. എന്റെ കാര്യത്തിലും അതുതന്നെയാണ് ഉണ്ടാവുകയെന്നാണ് അവരുടെ ഭീഷണി. ഞാന്‍ മുതിര്‍ന്നയാളാണ്, എനിക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്റെ സ്വത്തുക്കളിലാണ് പങ്കാളിക്ക് താല്‍പ്പര്യമെന്നാണണ് മൂത്ത സഹോദരിയുടെ നിലപാട്. ഈ ബന്ധം തുടര്‍ന്നാല്‍ എന്നെ ജയിലിലാക്കുമെന്നുവരെ അവര്‍ ഭീഷണിപ്പെടുത്തി. ഭാവിയില്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ പങ്കാളി താല്‍പ്പര്യപ്പെട്ടാല്‍ അതിനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും ദ്യുതി വ്യക്തമാക്കി. വേള്‍ഡ് യൂണിവേഴ്‌സിറ്റി ഗെയിംസില്‍ പങ്കെടുക്കാന്‍ പോവുകയാണ്. ലോക ചാംപ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടാനാകുമെന്നാണ് പ്രതീക്ഷ. അടുത്ത ഒളിംപിക്‌സിന് യോഗ്യത നേടുകയാണ് ലക്ഷ്യം. അതിനായി ഞാന്‍ കഠിനാധ്വാനത്തിലാണ്
100 മീറ്ററിലെ ദേശീയ റെക്കോര്‍ഡിനുടമയാണ് ദ്യുതി ചന്ദ്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 2 വെള്ളി നേടിയിരുന്നു. എന്നാല്‍ പുരുഷ ഹോര്‍മോണ്‍ അധികമാണെന്ന കാരണത്തില്‍ ഒന്നരവര്‍ഷത്തോളം വിലക്ക് നേരിട്ടു. നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് മത്സര രംഗത്തേക്ക് താരത്തിന് തിരിച്ചെത്താനായത്.