തടഞ്ഞുനിര്‍ത്തി മതം ചോദിച്ചു, ഉച്ചത്തില്‍ ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; ഡല്‍ഹിയില്‍ പ്രശസ്ത ഡോക്ടര്‍ അനുഭവിച്ചത്

തടഞ്ഞുനിര്‍ത്തി മതം ചോദിച്ചു, ഉച്ചത്തില്‍ ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; ഡല്‍ഹിയില്‍ പ്രശസ്ത ഡോക്ടര്‍ അനുഭവിച്ചത്

Published on

പ്രശസ്ത ഗൈനക്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോക്ടര്‍ അരുണ്‍ ഗാദ്രയെ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപം തടഞ്ഞുനിര്‍ത്തി ഒരു സംഘം വര്‍ഗീയവാദികളുടെ ഗുണ്ടായിസം. ഡോക്ടറെ തടഞ്ഞുവെച്ച സംഘം മതം ചോദിക്കുകയും 'ജയ് ശ്രീറാം' എന്ന് ഉച്ചത്തില്‍ വിളിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നതിന് തൊട്ടടുത്ത ദിവസമാണ് ഡല്‍ഹിയിലെ കൊണാട്ട്‌പ്ലേസില്‍ സംഘപരിവാര്‍ അനുഭാവികളുടെ ഗുണ്ടായിസം.

പൂണെയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഡോക്ടര്‍ അരുണ്‍ ഗാദ്രേക്ക് മേയ് 26 രാവിലെയാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. സുഹൃത്തായ മാധ്യമ പ്രവര്‍ത്തകനോട് താന്‍ അനുഭവിച്ച മാനസിക വ്യഥ പങ്കുവെയ്ക്കുകയാണ് ഉണ്ടായതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

ബിജ്‌നോറില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ ഡോക്ടര്‍ ഗാദ്രെ ജന്തര്‍ മന്തറിന് സമീപമുള്ള വൈഎംസിഎയിലാണ് താമസിച്ചിരുന്നത്.

കൊണാട്ട് പ്ലേസിന് സമീപത്തെ ഹനുമാന്‍ ക്ഷേത്രത്തിന് മുന്നില്‍വച്ചാണ് രാവിലെ ആറുമണിക്ക് ആറോളം പേരടങ്ങുന്ന സംഘം ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അനന്ത് ഭകൈത്കര്‍ പറഞ്ഞു. ഡോകട്‌റെ വളഞ്ഞ ആറംഗ സംഘം ആദ്യം മതമേതാണെന്ന് ചോദിച്ചു. തുടര്‍ന്ന് ജയ് ശ്രീറാം എന്ന് വിളിയ്ക്കാന്‍ നിര്‍ബന്ധിച്ചു. സംഘം കയ്യേറ്റം തുടര്‍ന്നതോടെ ഡോകടര്‍ പതിയെ ജയ് ശ്രീറാം എന്ന് വിളിച്ചു. എന്നാല്‍ അങ്ങനെ പോരെന്നും ഉച്ചത്തില്‍ വിളിക്കണമെന്നുമായി സംഘം.

സംഭവത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഡോക്ടര്‍ പുണെയിലേക്ക് തിരിച്ചുപോരുകയും ചെയ്തു. കുറച്ചു നാള്‍ മുമ്പ് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഡോക്ടര്‍ സംഭവത്തെ തുടര്‍ന്ന് കടുത്ത മാനസിക വിഷമത്തിലും വിഷാദത്തിലുമാണെന്നാണ് റിപ്പോര്‍ട്ട്. പൊലീസില്‍ പരാതി നല്‍കണ്ടെന്ന് പറഞ്ഞ ഗാദ്രെ സംഭവത്തെ നിസ്സാരമായി കാണാനാണ് താല്‍പര്യമെന്ന നിലപാടിലാണ്.

രാവിലെ ആറ് മണിക്ക് ഡല്‍ഹിയില്‍ നടക്കാനിറങ്ങയതാണ് ഞാന്‍. പെട്ടെന്നാണ് ഒരു സംഘം യുവാക്കള്‍ എന്റെ അടുത്തെത്തി ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്. ഞാന്‍ ഞെട്ടിപ്പോയി, ജയ് ശ്രീറാമെന്ന് വിളിച്ചു. ഉച്ചത്തില്‍ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ശേഷം ഞാന്‍ നടന്നുപോന്നു. അവര്‍ ശാരീരികമായി ഉപദ്രവിച്ചില്ല. ഇത് പൊലീസില്‍ അറിയിക്കാനോ പൊതുവേദിയില്‍ പറയാനോ താല്‍പര്യപ്പെട്ടിരുന്നില്ല. കാരണം ഇതൊരു നിസ്സാര കാര്യമായാണ് ഞാന്‍ കണ്ടത്. എല്ലാവരും അങ്ങനെ കാണണമെന്ന് താല്‍പര്യപ്പെടുന്നു.

ഡോക്ടര്‍ അരുണ്‍ ഗാദ്രെ

സ്വകാര്യ ആരോഗ്യമേഖലയിലെ സാമൂഹിക വ്യവസ്ഥയും ആരോഗ്യപരിപാലനവും രോഗികളുടെ അവകാശവും നേര്‍വഴിയിലാക്കാന്‍ പോരാടിയ ഡോക്ടര്‍ പ്രകാശ് ആംതെയോടൊപ്പം ദീര്‍ഘകാലം ജോലി ചെയ്തിട്ടുള്ള ഡോക്ടറാണ് അരുണ്‍ ഗാദ്രെ. മെഡിക്കല്‍ ധാര്‍മ്മികത ഇല്ലാതാവുന്നതിനെ കുറിച്ച് നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട് ഗാദ്രെ. വര്‍ഷങ്ങളായി മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആതുരസേവനം നടത്തുകയാണ് ഗാദ്രെയും ഭാര്യ ഡോക്ടര്‍ ജ്യോത്സ്‌ന ഗാദ്രെയും.

logo
The Cue
www.thecue.in